കൊല്ലം :ഓണത്തിന് മുന്നോടിയായി കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. മേലില ഗ്രാമപഞ്ചായത്തില്‍ കശുവണ്ടി ഫാക്ടറികള്‍, കോളനികള്‍ കേന്ദ്രീകരിച്ചു ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു. കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കുന്നുണ്ട്. അനൗണ്‍സ്‌മെന്റുകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തുന്നുണ്ട്. വ്യാപാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായും പ്രസിഡന്റ് എ.താര പറഞ്ഞു.
ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുതല ആര്‍.ആര്‍.ടികളുടെ സഹായത്തോടെ പ്രതിരോധം ശക്തമാക്കി. കോവിഡ് പോസിറ്റീവാകുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ മരുന്നുകളും അവശ്യ വസ്തുക്കളും എത്തിച്ചു നല്‍കുന്നുണ്ട്. വാര്‍ഡുതലത്തില്‍ ആന്റിജന്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ആയുര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശാവര്‍ക്കര്‍മാര്‍ മുഖേന എത്തിച്ചു നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് ജെ. വി. ബിന്ദു പറഞ്ഞു.
ഓച്ചിറയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സാന്ത്വന നാദം കാര്യക്ഷമമായി നടന്നു വരുന്നു. സേവന സന്നദ്ധരായിട്ടുള്ള കൂടുതല്‍ പേരെ പദ്ധതിയിലുള്‍പ്പെടുത്തി വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും ചികിത്സാനിര്‍ദ്ദേശങ്ങളും മരുന്നുകളും നല്‍കുന്നുണ്ട്.
മയ്യനാട് ഗ്രാമപഞ്ചായത്തിലെ ഡി.സി.സി.യില്‍ ആറു രോഗികളാണുള്ളത്. പഞ്ചായത്തില്‍ ഇതുവരെ 17957 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ ഉപകേന്ദ്രങ്ങള്‍ മുഖേന ജനങ്ങള്‍ക്ക് നേരിട്ടും വാക്‌സിന്‍ നല്‍കി വരുന്നു. കുണ്ടറയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗവ്യാപന നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു. ആയുര്‍വേദ ഹോമിയോ, മരുന്നുകളുടെ വിതരണവും അനൗണ്‍സ്‌മെന്റ്കളും നടത്തുന്നുണ്ട്. കോവിഡ് അവലോകന യോഗങ്ങളും ചേരുന്നുണ്ട്. രോഗികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനായി ഒരു ലക്ഷം രൂപ വിനിയോഗിച്ചതായി പ്രസിഡന്റ് മിനി തോമസ് പറഞ്ഞു.
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ എല്ലാദിവസവും ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ(ഓഗസ്റ്റ് 7) ന് 122 പേര്‍ക്ക് പരിശോധന നടത്തിയതായി പ്രസിഡന്റ് വി.പി. രമാദേവി പറഞ്ഞു. 58 പോസിറ്റീവ് രോഗികളാണ് നിലവിലുള്ളത്. ഡി.സി.സിയില്‍ ഒന്‍പതു രോഗികള്‍ ചികിത്സയിലുണ്ട്. വ്യാപാരികള്‍ക്ക് ഘട്ടങ്ങളായി പരിശോധന നടത്തിവരുന്നു. വാക്‌സിനേഷന് മുന്‍പ് എല്ലാവരിലും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കിയതായും പ്രസിഡന്റ് പറഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇന്നലെ (ഓഗസ്റ്റ് 8) നടത്തിയ 111 പരിശോധനയില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. സ്‌ക്വാഡുകളും ആര്‍.ആര്‍. ടി അംഗങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി കെ. സജീവ് അറിയിച്ചു.
