പട്ടികവർഗ വികസന വകുപ്പും വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നിയമഗോത്രം പരിശീലന പരിപാടിയിലൂടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

നിയമഗോത്രം പരിശീലനത്തിലൂടെ ഊരുകളിലെ ഒൻപത് വിദ്യാർത്ഥികളാണ് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് പ്രവേശന പരീക്ഷയിൽ അഡ്മിഷൻ കൗൺസലിംഗിന് യോഗ്യത നേടിയത്.

പാമ്പ്ര ചുണ്ടക്കൊല്ലി വാറച്ചംകുന്ന് കോളനിയിലെ എം. മൃദുല 258- ാം റാങ്ക് നേടി കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ പ്രവേശനം നേടി. ആർ. അയന, ജി. ശ്രീക്കുട്ടി, എ. അമ്മു, കെ. കെ. അനഘ, മീനാക്ഷി, എം. ആർ. അഖിൽ, ആർ. രാഹുൽ, ദിവ്യ വിജയൻ എന്നിവരാണ് വിവിധ ദേശീയ നിയമസർകലാശാലകളിൽ അലോട്ട്മെന്റ് കാത്തിരിക്കുന്നത്.

സമത്വത്തിലേക്ക് കൈപിടിച്ചുയരാനുള്ള അവസരമായി വിജയം പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു. നാടിന്റെ പുരോഗതിയുടെ അളവുകോലായി കണക്കാക്കുന്നത് പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ അവസ്ഥയാണ്.

ഈ തിരിച്ചറിവോടെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയും സ്വാശ്രയത്വം ഉറപ്പാക്കിയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. നിയമഗോത്ര പരിശീലന പരിപാടിയും അതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിക്ക് നേതൃത്വം നൽകിയ വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയേയും അദ്ദേഹം അഭിനന്ദിച്ചു.