വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആഘോഷങ്ങള്‍, വിനോദസഞ്ചാരം എന്നിവയ്ക്ക് കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍, കോവിഡ് വ്യാപനം ഒഴിവാക്കാന്‍ പൊതുജനങ്ങളും, വ്യാപാരി-വ്യവസായികളും, മതമേലധികാരികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍. അറിയിച്ചു.

ഓണം അടുത്തു വരുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളിലും, പൊതുവാഹനങ്ങളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, തിരക്ക് വര്‍ദ്ധിക്കുവാന്‍ സാദ്ധ്യതയുണ്ട്. കോവിഡ് വ്യാപന ഭീഷണി ഇപ്പോഴും സജീവമായി തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. പൊതു സ്ഥലങ്ങളില്‍ ക്യത്യമായി മാസ്‌ക്ക് ധരിക്കണം. കൈകളുടെ ശുചിത്വം ഉറപ്പാക്കാന്‍ ഇടയ്ക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യണം.

ഓണാഘോഷങ്ങളില്‍ പരമാവധി ജാഗ്രത പാലിച്ച് കോവിഡ് വ്യാപനം ഒഴിവാക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കണം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കോ വിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം പ്രവര്‍ത്തിക്കുവാന്‍. ആരാധനാലയങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ മതമേലധികാരികള്‍ ജാഗ്രത പാലിക്കണം. വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തൊഴിലിടങ്ങളിലും കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിക്കണം. കോവിഡ് അവസാനിച്ചിട്ടില്ല, കോവിഡ് നിയന്ത്രണം എല്ലാവരുടേയും ഉത്തരവാദിത്വമാണ്. ഇനിയൊരു കോവിഡ് വ്യാപനവും, ലോക്ക് ഡൗണും ഒഴിവാക്കാന്‍ പൊതു സമൂഹം ഒന്നടങ്കം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഓര്‍മ്മിപ്പിച്ചു.