രാജ്യാന്തര ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെയുള്ള . ഗോത്രാരോഗ്യവാരാചരണം സംസ്ഥാനതല പരിപാടികളുടെ ഭാഗമായി അട്ടപ്പാടി മേഖലയിലെ ഊരുകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ “ആദിവാസി ജനത ആരോഗ്യജനത” എന്ന ആശയം ഉയർത്തി ഊരുകളിൽ പട്ടികവർഗ്ഗം, ആരോഗ്യം, വനം, പൊലീസ്, എക്സൈസ്, റവന്യു, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.
ഊരുകളിൽ ആരോഗ്യ സംരക്ഷണം, ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ , കോവിഡ് ബോധവത്ക്കരണം, വിദ്യാഭ്യാസ പ്രചരണം, അവകാശ സംരക്ഷണം തുടങ്ങി വിവിധ പരിപാടികൾ നടത്തും. പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുക. വിവിധ ഊരുകളിലായി നടത്തുന്ന പരിപാടിയിൽ ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കവികസന – ദേവസ്വം – പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനാകും.
ഓഗസ്റ്റ് ഒമ്പത്
“ആദിവാസി ജനത ആരോഗ്യ ജനത” എന്ന സന്ദേശത്തിൽ പ്രതിജ്ഞ ചൊല്ലി ഊരു മൂപ്പന്മാർ വിവിധ ഊരുകളിൽ നടക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, വനം, എക്സൈസ്, പോലീസ് , ആരോഗ്യം വകുപ്പുകളുടെ സഹകരണത്തോടെ പട്ടികവർഗ്ഗ വികസന വകുപ്പിലെ വിവിധ പദ്ധതികൾ, പട്ടികവർഗ്ഗക്കാരുടെ അവകാശങ്ങൾ, ശുചിത്വം എന്നിവയെ കുറിച്ച് അവബോധം, മദ്യം, മയക്കുമരുന്നുകൾ എന്നിവയ്ക്കെതിരെയുള്ള ബോധവത്കരണം എന്നിവ സംഘടിപ്പിക്കും.
ഓഗസ്റ്റ് 10
ഊരുകളിൽ വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം , കോവിഡ് പ്രതിരോധം എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ, കോളനി നിവാസികളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തും.
ഓഗസ്റ്റ് 11
ഊരുകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ മുഖേനയും ആരോഗ്യ വകുപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ, പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
ഓഗസ്റ്റ് 12
സാമൂഹിക പഠന മുറികൾ, മറ്റ് പഠന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സാമൂഹിക വികസനപാതയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കൽ, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വിവിധ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചുള്ള ബോധവത്ക്കരണം.
ഊരുകളിൽ പഠനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കുട്ടികളെ ഊരുമൂപ്പൻ, പ്രമോട്ടർമാർ, വളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ വീടുകളിൽ ചെന്ന് ബോധവത്ക്കരണം നടത്തി തിരികെ പഠനത്തിനെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.
പി.എസ്.സി മുഖേനയുള്ള മത്സരപരീക്ഷകളിൽ അഭ്യസ്തവിദ്യരായ പട്ടികവർഗ്ഗ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന് വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ക്യാമ്പയിൻ.
ഓഗസ്റ്റ് 13
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഊരുകൂട്ടങ്ങൾ ചേർന്ന് സൂക്ഷ്മതല പങ്കാളിത്ത വികസന രൂപരേഖ തയ്യാറാക്കുന്ന പ്രവർത്തനങ്ങളൾക്ക് ആരംഭം കുറിക്കൽ.
ഓഗസ്റ്റ് 14
ഊരുകളിൽ പാരമ്പര്യ കലകൾ, കായികവിനോദങ്ങൾ എന്നിവയുടെ അവതരണം.
ഓഗസ്റ്റ് 15
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പതാക ഉയർത്തൽ, ഊരുകളിലെ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും പാരമ്പര്യവൈദ്യൻമാരെയും ആദരിക്കൽ എന്നിവ സംഘടിപ്പിക്കും.