റീ ബിൽഡ് കേരളയുടെ ഭാഗമായി 97 ലക്ഷം രൂപ ചെലവഴിച്ചു അന്നമനട ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന അങ്കണവാടികളുടെ നിർമാണോദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു.അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്കായുള്ള പരിശീലന പരിപാടികൾ വിവിധ മൊഡ്യുളുകളാക്കി സംപ്രേഷണം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഇതിന് വേണ്ടി പരിശ്രമിക്കുന്ന അങ്കണവാടി ടീച്ചർമാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. സ്മാർട്ട് അങ്കണവാടികളിലൂടെ മികച്ച രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തിക്കാൻ കഴിയുന്നു. ഇത് നമ്മുടെ നാടിന്റെ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റീബിൽഡ് കേരളയുടെ ഭാഗമായി നിർമിക്കുന്ന അൻപത്തിയൊന്നാം നമ്പർ അങ്കണവാടിയാണിത്. നാല് അങ്കണവാടികളാണ് പഞ്ചായത്തിൽ ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കുക.വി ആർ സുനിൽകുമാർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, വികസന സമിതി അധ്യക്ഷൻമാരായ ടി വി സതീശൻ, കെ ഇ ഇക്ബാൽ, സിന്ധു ജയൻ, പഞ്ചായത്ത് അംഗങ്ങളായ ജ്യോതിഷ് ശിവൻ, ടി വി സുരേഷ് കുമാർ, ഷീജാ നസീർ,
ഐ സി ഡി എസ് ചെയർപേഴ്സൺ ബിന്ധ്യ രാഖേഷ് തുടങ്ങിയവർ പങ്കെടുത്തു.