ദേശീയപാത വികസനവഴിയില്‍ സുപ്രധാന ചുവട്‌വയ്പുമായി ജില്ല. ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് തുടക്കമായത്. മൂന്ന് വില്ലേജുകളിലെ നഷ്ടപരിഹാരത്തുക ഇന്‍ഡസ് ബാങ്ക് മാനേജര്‍ക്ക് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കൈമാറിയതോടെ നടപടികള്‍ ആരംഭിച്ചു.

ഭൂമി കൈമാറിയവര്‍ക്കെല്ലാം അടുത്ത മാസത്തോടെ മുഴുവന്‍ തുകയും നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിയമപരമായ നടപടികളെല്ലാം പൂര്‍ണ്ണമായും പാലിച്ചാണ് തുക ലഭ്യമാക്കുന്നത്. ദേശീയ പാത-66 കുറ്റമറ്റ രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിര്‍മാണ ജോലികള്‍ കാലതാമസം കൂടാതെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ആദിനാട്, കുലശേഖരപുരം, ഓച്ചിറ വില്ലേജുകളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഒന്നാംഘട്ടമായി നഷ്ടപരിഹാര തുക വിതരണം ചെയ്യ്തത്. 25 പേര്‍ക്ക് നല്‍കി. 2009 ല്‍ തുടങ്ങിയ വികസന പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള 57.36 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുള്ളത്. ഓച്ചിറയിലെ കൊറ്റങ്കുളങ്ങര മുതല്‍ കാവനാട് ബൈപാസ് വരെയുള്ള ഭാഗമാണ് ഒന്നാംഘട്ട റീച്ചില്‍. ആകെ 4,77,63362 രൂപയാണ് നഷ്ടപരിഹാര തുകയായി വിതരണം ചെയ്യുന്നത്.

നാല് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസുകളുടെ മേല്‍നോട്ടത്തിലാണ് ഭൂമി ഏറ്റെടുക്കലും വിലനിര്‍ണ്ണയവും നടത്തിയത്. നാല് തരത്തിലുള്ള പരിശോധനാ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുനരധിവാസം സംബന്ധിച്ച സര്‍വ്വേലിസ്റ്റ് തയ്യാറാക്കുകയാണ്്ഭൂമിയും വീടും ജീവനോപാദികളും നഷ്ടമായി പുനരധിവാസത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിനായി പ്രത്യേക ലിസ്റ്റ് തയ്യാറാക്കി വരികയാണ് എന്ന് എന്‍. എച്ച്. (എല്‍. എ) സെപ്ഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുമീതന്‍ പിള്ള വ്യക്തമാക്കി. സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരായ ഷീജ, ഉഷാകുമാരി, ബിബിന്‍കുമാര്‍, ജയപ്രകാശ്,ടി. ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് അജിലാല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.