എറണാകുളം: രാസവളങ്ങളിൽ നിന്നും അജൈവ കീടനാശിനികളിൽ നിന്നും മണ്ണിനെയും പ്രകൃതിയേയും സംരക്ഷിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം കർഷകർ. കോട്ടുവള്ളി കൃഷിഭവൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കൂനമ്മാവ് തളിർ ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പ് (എഫ്.ഐ.ജി) ആണ് പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളും നിർമ്മിക്കുന്നത്.

ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ജൈവ വളക്കൂട്ടായ അമൃത് മിട്ടി, പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം, അഗ്നി അസ്ത്രം എന്നിവ നിർമ്മിച്ച് കർഷകർക്ക് സൗജന്യമായി നൽകുന്നു. കാടുകളിൽ ചെടികളും വൃക്ഷങ്ങളും എങ്ങനെയാണോ തഴച്ചുവളരുന്നത്, ആ മാതൃക പിൻതുടരാനാണ് ഇവരുടെ ശ്രമം. കാടുകളിൽ വൃക്ഷങ്ങളിലെ ഇലകൾ വീണ് അവ മണ്ണിൽ അഴുകിച്ചേരുമ്പോൾ പ്രകൃതിയൊരുക്കുന്ന വളക്കൂട്ടിലൂടെ വൃക്ഷങ്ങൾ തഴച്ചുവളരുന്നു. ഇവയ്ക്ക് യാതൊരു വിധ രോഗങ്ങളോ കീടബാധയോ ഉണ്ടാകാറില്ല. കാടുകളിൽ കാണുന്ന പോഷക സമ്പന്നമായ മണ്ണ് എങ്ങനെ വീടുകളിൽ ഉണ്ടാക്കാം എന്ന പ്രകൃതി ചിന്തയിൽ നിന്നുമാണ് അമൃത് മിട്ടിയിലേക്ക് എത്തിയത്.

ജൈവ കാർഷികരംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി, കീട രോഗബാധയുണ്ടായാൽ കർഷകർക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണ്. ഇതിന് പരിഹാരം എന്ന നിലയിൽ കോട്ടുവള്ളിയിലെ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് പ്രകൃതിക്കിണങ്ങിയ കീടനാശിനികളും തളിർ ഗ്രൂപ്പ് നിർമ്മിച്ചു.

നീരൂറ്റി കുടിക്കുന്ന പ്രാണികൾക്കും ഇലപ്പേനുകൾക്കും എതിരെ ഉപയോഗിക്കാൻ കഴിയുന്ന പ്രകൃതി കീടനാശിനിയാണ് നീമാസ്ത്രം (വേപ്പ് മിസൈൽ). ഇല ചുരുട്ടിപ്പുഴു, കായ് തുരപ്പൻ പുഴു, തണ്ടുതുരപ്പൻ എന്നിവക്കെതിരെ ഗുണപ്രദമായ രീതിയിൽ പ്രയോഗിക്കാവുന്ന പ്രകൃതി കീടനാശിനിയാണ് അഗ്നി അസ്ത്രം (അഗ്നി മിസൈൽ). കായ്തുരപ്പൻ പുഴു, വിളകളെ ആക്രമിക്കുന്ന മറ്റു കീടങ്ങൾ എന്നിവക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന പ്രകൃതി കീടനാശിനിയാണ് ബ്രഹ്മാസ്ത്രം (ബ്രഹ്മ മിസൈൽ).

ക്യാപ്ഷൻ: തളിർ ഗ്രൂപ്പ് അംഗങ്ങൾ പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളും നിർമ്മിക്കുന്നു