കോതമംഗലം : മഴക്കാലത്ത് വെള്ളം കയറി സഞ്ചാരയോഗ്യമല്ലാതായി തീരുന്നപൂയംകുട്ടി മണികണ്ഠംചാൽ ചപ്പാത്തിൽ പുതിയ പാലം സർക്കാരിന്റെ പരിഗണനയിൽ. ഇവിടെ മഴക്കാലത്തും സുഗമമായി സഞ്ചരിക്കുവാൻ കഴിയുന്ന തരത്തിലാണ് പുതിയ പാലത്തിന്റെ നിർമ്മാണം. ഇത് സംബന്ധിച്ച് ആൻറണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.

മണികണ്ഠംചാൽ ചപ്പാത്തിൽ പുതിയ പാലം നിർമിക്കുന്നത് സംബന്ധിച്ച 2018 ലെ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവിടെ മണ്ണുപരിശോധന പൂർത്തീകരിച്ചിട്ടുള്ളതാണ്. കൂടാതെ വനം വകുപ്പിന്റെ അനുമതിയോടെ ഇൻവെസ്റ്റിഗേഷൻ പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസൈൻ ലഭ്യമാകുന്ന മുറയ്ക്ക് ഡി പി ആർ തയ്യാറാക്കി ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.