‘മഴമിഴി’ ചിത്രീകരണ പര്യടനത്തിന് കലാമണ്ഡലത്തില്‍ തുടക്കം

കലയുടെ അതിജീവനത്തിന്റെ കരുതല്‍ കൂട്ടായ്മയായ മഴമിഴിയുടെ വടക്കന്‍മേഖലയിലെ ചിത്രീകരണ ദൗത്യത്തിന് കേരള കലാമണ്ഡലത്തില്‍ തുടക്കമായി. കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണര്‍വും കൈത്താങ്ങുമേകാനാണ് സാംസ്‌കാരിക വകുപ്പ് മഴമിഴി പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്ലോര്‍ അക്കാദമി, ലളിത കലാ അക്കാദമി,ഗുരു ഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക
വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ആണ് മഴമിഴി എന്ന മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികള്‍ക്കായി ഒരുക്കുന്നത്.

കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ വടക്കന്‍ മേഖലാ ചിത്രീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മഴമിഴിയുടെ ജനറല്‍ കണ്‍വീനറും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ആമുഖ പ്രഭാഷണം നടത്തി. കലാമണ്ഡലത്തിലെ കഥകളി വടക്കന്‍ വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം സൂര്യ നാരായണന്‍, കലാമണ്ഡലം അക്കാദമിക് കോര്‍ഡിനേറ്റര്‍ കലാമണ്ഡലം വി അച്യുതാനന്ദന്‍, മോഹിനിയാട്ടം അധ്യാപികയായ കലാമണ്ഡലം വിദ്യാറാണി എന്നിവര്‍ പങ്കെടുത്തു. കേളിയോടെ ആരംഭിച്ച് സോപാനസംഗീതം, വയലിന്‍ത്രയം, പുല്ലാങ്കുഴല്‍ സ്വരവേണു, കൂടിയാട്ടം, ചെണ്ടമേളം, മുഖര്‍ശംഖ് ലയതരംഗം, തബലതരംഗം, കര്‍ണാടകസംഗീതം, മോഹിനിയാട്ടം, കഥകളി എന്നിങ്ങനെ പതിനൊന്നോളം രംഗാവതരണങ്ങളാണ് ചിത്രീകരിച്ചത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയില്‍ 25ഓളം കലാരൂപങ്ങളാണ് രംഗത്ത് അവതരിപ്പിക്കുക.

ജീവകാരുണ്യ ദിനമായ ഓഗസ്റ്റ് 28 മുതല്‍ കേരള പിറവി ദിനമായ നവംബര്‍ 1 വരെ 65 ദിവസം നീണ്ട് നില്‍ക്കുന്ന മെഗാ സ്ട്രീമിങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350ഓളം കലാസംഘങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവതരണത്തിന് അവസരം ഒരുക്കുന്നത്. വിവിധ അക്കാദമികളുടെ മേല്‍നോട്ടത്തിലുള്ള ജൂറി പാനല്‍ ആണ് കലാ സംഘങ്ങളെ തിരഞ്ഞെടുക്കുക. samskarikam.org എന്ന വെബ് പേജിലൂടെ രാത്രി 7 മുതല്‍ 9 വരെയാണ് വെബ്കാസ്റ്റിംഗ്. മഴമിഴിയെത്തുടര്‍ന്ന് തളിര്‍ മിഴി, വസന്ത മിഴി എന്നീ ശീര്‍ഷകങ്ങളിലും വകുപ്പ് കലാ പരിപാടികള്‍ ഒരുക്കുന്നുണ്ട്. അത് വഴി കൂടുതല്‍ കലാ സമൂഹങ്ങളിലേക്ക് സാംസ്‌കാരിക വകുപ്പിന്റെ ധനസഹായം കരുതലോടെ കൈത്താങ്ങായി എത്തിക്കും. മഴമിഴി പരിപാടിയുടെ തുടര്‍ ചിത്രീകരണം ഓഗസ്റ്റ് 12 മുതല്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തുടരും.