കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സംസ്ഥാന ബാലച്ചിത്ര രചന മത്സരത്തിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നര്‍വഹിച്ചു. ജില്ലാതലങ്ങളില്‍ ജനറല്‍ വിഭാഗത്തിലും പ്രത്യേക വിഭാഗത്തിലും നടത്തിയ ചിത്രരചനാ മല്‍സരങ്ങളില്‍ നിന്ന് വിജയിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തില്‍ വിധിനിര്‍ണയം നടത്തിയാണ് വിജയികളെ തെരഞ്ഞെടുത്തത്. സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.
സംസ്ഥാനം ഒരു ശിശു സൗഹൃദ കേന്ദ്രമായി മാറ്റുന്നതിന് സമിതി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മന്ത്രി പറഞ്ഞു. തണല്‍ എന്ന പേരില്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കുട്ടികളുടെ അഭയ കേന്ദ്രം സംസ്ഥാനത്ത് വിവിധ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസം തന്നെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ ദീപക് എസ് പി, മുന്‍ എം.എല്‍.എ എം പ്രകാശന്‍ മാസ്റ്റര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.