രാജ്യത്തിന് തന്നെ മാതൃകയാവുന്ന വിനോദസഞ്ചാര പദ്ധതിയാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസമെന്ന് ജെയിംസ് മാത്യു എം എല്‍ എ. പദ്ധതി നടപ്പിലാക്കുന്നതിലൂടെ പുഴകള്‍ക്കോ മറ്റ് പ്രകൃതി സമ്പത്തിനോ യാതൊരു കോട്ടവും തട്ടില്ലെന്നും ‘സീറോ വെയ്‌സ്റ്റ് മാനേജ്‌മെന്റ്’ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലപ്പട്ടത്ത് സംഘടിപ്പിച്ച അവബോധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
325 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ 5000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താന്‍ കഴിയുമെന്നും പ്രദേശത്തെ ഓരോ വ്യക്തിക്കും ഗുണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെയും കാണാത്ത വിനോദ സഞ്ചാര കാലാവസ്ഥ ഇവിടെ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. ടൂറിസത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള പ്രയത്‌നമാണ് വേണ്ടതെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
നീര്‍ത്തട വികസന പദ്ധതിയെക്കുറിച്ചുള്ള യോഗവും പരിപാടിയുടെ ഭാഗമായി നടന്നു. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫീസര്‍ സി പ്രകാശന്‍, റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ രൂപേഷ്‌കുമാര്‍ കെ, എം എം ആര്‍ ടൂറിസം ആര്‍കിടെക്ട് മധുകുമാര്‍ ടി വി എന്നിവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി.
കേരള ക്ലേ ആന്റ് സെറാമിക് ലിമിറ്റഡ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍, ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് അംഗം കെ വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.