സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയർ ഇന്ന് ( ഓഗസ്റ്റ് 11) ആരംഭിക്കും . ഉദ്ഘാടനം സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ വൈകുന്നേരം 4.30ന് ഓൺലൈനില്‍ നിർവ്വഹിക്കും.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ അധ്യക്ഷത വഹിക്കും. കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ആദ്യ വില്പന നിർവഹിക്കും.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സംസാരിക്കും. സപ്ലൈകോ മേഖലാ മാനേജർ ഇൻ-ചാർജ് എം. സുരേഷ് കുമാർ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി നന്ദിയും പറയും.

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കുടുംബശ്രീ, ഹോർട്ടികോർപ്പ് എന്നിവയുടെ പങ്കാളിത്തതോടെ കെ.പി.എസ് മേനോന്‍ ഹാളില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയർ ഈ മാസം 20 വരെ തുടരും.

താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ഓഗസ്റ്റ് 16ന് സപ്ലൈകോ വിപണന കേന്ദ്രങ്ങളോടു ചേര്‍ന്ന് ആരംഭിക്കും.

പുതുപ്പള്ളി , ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പൊൻകുന്നം സപ്ലൈകോ പീപ്പിൾസ് ബസാറിലുമാണ് ഓണം താലൂക്ക് ഫെയറുകള്‍. കടുത്തുരുത്തി, ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഓണം മാർക്കറ്റും മറ്റ് എല്ലാ സപ്ലൈകോ ഔട്ട് ലെറ്റുകളിലും ഓണം മിനി ഫെയറുകളും പ്രവർത്തിക്കും.