നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും

ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരിശീലന പരിപാടി ‘എന്‍ട്രി 2021’ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് നാളെ (ഓഗസ്റ്റ് 11) രാവിലെ 10 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. അധ്യാപകര്‍ക്ക് ക്ലാസ് മുറികളും കുട്ടികളെയും കാണാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന പരിമിതികള്‍ മറികടക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലായി കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ നിയമിതരായ 1500ലധികം അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ആദ്യഘട്ട ദ്വിദിന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് സ്പീക്കര്‍ നിര്‍വഹിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കി ബാച്ചുകളുടെ പരിശീലനവും നടക്കും.

വിവിധ വിഷയങ്ങളിലെ പാഠ്യപദ്ധതി, പഠന സമീപനങ്ങള്‍, ഫസ്റ്റ് ബെല്‍ ക്ലാസുകള്‍, അധ്യാപകര്‍ നല്‍കേണ്ട പിന്തുണാ പ്രവര്‍ത്തനങ്ങള്‍, ഡയറ്റ് നടപ്പാക്കുന്ന ഇന്റര്‍ബെല്‍, ഡിജിറ്റല്‍ ക്ലാസുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ ചര്‍ച്ച ചെയ്യും. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം സോമരാജന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. കൃഷ്ണന്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ കെ.എന്‍. കൃഷ്ണകുമാര്‍, സേവനകാല അധ്യാപക പരിശീലന വിഭാഗം സീനിയര്‍ ലക്ചറര്‍ ഡോ. വി. ടി ജയറാം എന്നിവര്‍ പങ്കെടുക്കും.