ആലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണത്തിന് മുന്നോടിയായി ആറാട്ടുപുഴയിൽ സ്വാഗത സംഘം വിളിച്ചു ചേർത്തു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികൾക്ക് ജില്ലയിൽ തുടക്കം കുറിച്ചുകൊണ്ടാണ് ഓഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തിൽ നവോദ്ധാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംഘാടനത്തിനായി ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ സജീവൻ അദ്ധ്യക്ഷനായി സംഘാടക സമിതിക്ക് രൂപമായി. ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പ്-സാംസ്‌കാരിക വകുപ്പ് മറ്റ് വിവിധ വകുപ്പുകൾ എന്നിവർ ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എൽ. മൻസൂർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം പ്രസീദാ സുധീർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി റ്റി. തിലകരാജ്, കുമാരനാശാൻ സ്മാരക സമിതി സെക്രട്ടറി കെ. ഖാൻ, ആറാട്ടുപുഴ വേലായുധപ്പണിക്കാർ സ്മാരക സമിതി പ്രസിഡന്റ്‌ കെ. രാമചന്ദ്രൻ, സാക്ഷരത മിഷൻ പ്രേരക്ക് എസ്. ഉദയൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി കെ. വി വിപിൻദാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എസ്. ആനന്ദൻ, ഡി. കാശിനാഥൻ, അനിലാൽ, എസ്. മനോജ്‌ തുടങ്ങിയവർ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.