എറണാകുളം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ജില്ലയിലെ ടൂറിസം സെന്ററുകൾ സഞ്ചാരികൾക്കായി തുറന്ന് നൽകി തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ടൂറിസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. മുനമ്പം, ചെറായി ബീച്ചുകളാണ് ആദ്യം സഞ്ചാരികൾക്കായി തുറന്ന് നൽകിയത്. ഭൂതത്താൻകെട്ട് ആഗസ്റ്റ് 11 ബുധനാഴ്ച്ചയും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ആഗസ്റ്റ് 14 നും സഞ്ചാരികൾക്കായി തുറന്ന് നൽകും. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ടൂറിസം കേന്ദ്രങ്ങളും ഉടൻ തുറക്കും . കോവിഡിനെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ശൂചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടത്തിയതിന് ശേഷമാണ് തുറക്കുന്നത്.

ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ ഒരു വാക്‌സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. വാക്‌സിൻ എടുക്കാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബ്ധമായും വേണം. കുട്ടികൾക്ക് വാക്‌സിൻ ലഭിക്കാത്തതിനാൽ അവരും ആർ.ടി.പി.സി.ആർ. ടെസ്റ്റ് സർട്ടിഫിക്കറ്റ് എടുക്കണം. ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾ കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യും.

ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും നിബന്ധനകൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്.

കോവിഡ് പ്രതിരോധ അറിയിപ്പുകളും നിർദ്ദേശങ്ങളും അടങ്ങിയ ബോർഡുകൾ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികൾ മാസ്ക്, സാമൂഹിക അകലം എനീ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സന്നദ്ധ പ്രവർത്തകർക്കും ലൈഫ് ഗാർഡുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി വിജയകുമാർ പറഞ്ഞു.