ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ച ഇല്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. സപ്ലൈകോയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍, ഇടുക്കി ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ പൊതുവിതരണ മേഖലയില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രത വളരെ വലുതാണ്.

കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ പി ഹസ്സന്‍ ആദ്യവില്പന നിര്‍വഹിച്ചു.

കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനിലുള്ള പവിത്ര ഗ്രൂപ്പ് ബില്‍ഡിങ്ങില്‍ ആഗസ്റ്റ് 20 വരെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മേള സംഘടിപ്പിക്കുന്നത്. പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ വിഷരഹിത പച്ചക്കറികള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭിക്കും. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ജാന്‍സി ബേബി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, നെടുങ്കണ്ടം സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ സജിമോന്‍ ജേക്കബ്, ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീദേവി ആര്‍ എന്നിവര്‍ പങ്കെടുത്തു.