കാക്കനാട്: സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന വാഹനങ്ങളുടെയും വാഹനത്തിലല്ല എത്തുന്നതെങ്കില്‍ ആ വിവരങ്ങളും രേഖപ്പെടുത്തി സ്‌കൂളുകളില്‍ കൃത്യമായി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരട് സ്‌കൂള്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സി.ബി.എസ്.ഇ. സ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കാക്കനാട് ഭവന്‍സ് ആദര്‍ശ് സ്‌കൂളില്‍ നല്‍കിയ ബോധവല്‍കരണ ക്ലാസ്സിലാണ് നിര്‍ദ്ദേശം. പരിപാടി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. ക്ലാസ്സുകള്‍ തുടങ്ങുന്നതിന് 20 മിനിറ്റുമുമ്പ് മുതല്‍ സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകനോ അധ്യാപികയോ ഗേറ്റിനു സമീപം നില്‍പ്പുറപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗേറ്റിനു സമീപത്തെ വാഹനങ്ങളുടെ തിരക്ക് പരിഹരിക്കുന്നതിനു പുറമേ ലഹരിവസ്തുക്കളുടെ വില്‍പന നിയന്ത്രിക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈകി വരുന്ന കുട്ടികളെ പുറത്തുനിര്‍ത്തുന്ന നടപടി സ്‌കൂളുകള്‍ ഒഴിവാക്കണം. സ്ഥിരമായി വൈകി വരുന്ന കുട്ടികളെ നിരീക്ഷിച്ച് കാരണം മനസ്സിലാക്കണമെന്നും ഒരേ റൂട്ടില്‍ ഓടി വ്യത്യസ്ത സമയംകൊണ്ടെത്തുന്ന ബസ്സുകളുണ്ടെങ്കില്‍ അതിന്റെ കാരണം നിരീക്ഷിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരുടെ ജോലി സമയം ക്രമീകരിക്കേണ്ടത് പ്രധാനമാണെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു. അവരെ കൂടുതല്‍ ട്രിപ്പ് എടുക്കാന്‍ പ്രേരിപ്പിക്കരുത്. കുട്ടികളെ കയറ്റുന്നതിനും സ്‌കൂളിലോ വീട്ടിലോ തിരികെയിറക്കുന്നതിനുമിടയില്‍ ഡ്രൈവര്‍മാര്‍ വാഹനം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് രക്ഷിതാക്കളും സ്‌കൂളധികൃതരും ചോദിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ കുട്ടിയും ഏതു വിധേനയാണ് സ്‌കൂളിലെത്തുന്നതെന്ന വിവരം ക്ലാസ്സ് ടീച്ചറില്‍നിന്നും ശേഖരിച്ച് നോഡല്‍ ഓഫീസര്‍ സൂക്ഷിക്കണം. വാഹനമുപയോഗിക്കുന്നില്ലെങ്കില്‍ ആ വിവരവും രേഖപ്പെടുത്തണം. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവയുടെ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് ഓരോ കുട്ടികളും യാത്ര ചെയ്യുന്ന സ്‌കൂള്‍ വാഹനത്തില്‍ സൂക്ഷിക്കാന്‍ നോഡല്‍ ഓഫീസര്‍ ലഭ്യമാക്കണം. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെയെത്തിക്കുന്ന സ്വകാര്യവാഹനങ്ങളുടെ വിവരങ്ങളും നോഡല്‍ ഓഫീസര്‍ സൂക്ഷിക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസിനു പുറമേ അവയുടെ ഇന്‍ഷൂറന്‍സ്, പെര്‍മിറ്റ് തുടങ്ങിയവയുടെ കാലാവധി തീരുന്ന സമയവും പരിശോധിച്ച് സ്‌കൂള്‍ അധികൃതരെ അറിയിക്കണം. പെര്‍മിറ്റ് കാലാവധി തീരുന്നതിന് രണ്ടാഴ്ച മുമ്പ് മോട്ടോര്‍ വാഹന വകുപ്പില്‍ രേഖാമൂലം അറിയിക്കണം. നോഡല്‍ ഓഫീസര്‍മാരില്ലാതെ ഒരു സ്‌കൂളും ജില്ലയില്‍ പ്രവര്‍ത്തിക്കരുത്.
സ്‌കൂള്‍ വാഹനത്തില്‍ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. എന്നാല്‍ അധ്യാപകരെയോ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെയോ യാതൊരു കാരണവശാലും ഇതിന് നിയോഗിക്കരുത്. വണ്ടിയില്‍ ഇടക്കിടെ സ്‌കൂള്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തണം.
ആലുവ, എറണാകുളം വിദ്യാഭ്യാസജില്ലകളിലെ പൊതുവിദ്യാലയങ്ങള്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ ബോധവല്‍കരണം പൂര്‍ത്തിയാക്കിയിരുന്നു.
ആര്‍.ടി.ഒ. റെജി പി.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ കൃഷ്ണകുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. കെ.എം.ഷാജി,