കൊച്ചി: സിറ്റി ഗ്യാസ് വിതരണ പദ്ധതിയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പതാമത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സിജിഡി) ബിഡ്ഡിംഗ് റൗണ്ടിനു വേണ്ടിയുള്ള പതിനഞ്ചാമത് റോഡ് ഷോ സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള പ്രകൃതി വാതക വിതരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഒന്‍പതാമത് ബിഡ്ഡിംഗ് റൗണ്ടില്‍ 86 ഭൂപ്രദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 12 നാരംഭിച്ച ബിഡ്ഡിംഗ് പ്രക്രിയ ജൂലൈ 10 വരെ നീളും. ഒക്‌ടോബറോടെ സിജിഡികള്‍ അനുവദിച്ചു തുടങ്ങും.
22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 174 ജില്ലകളിലുള്ള പ്രദേശങ്ങളിലാണിവ. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ എട്ട് സിജിഡികളിലായി 56 ഭൂപ്രദേശങ്ങളില്‍ അനുമതി നല്‍കിക്കഴിഞ്ഞു. 42 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളും 30 ലക്ഷം സിഎന്‍ജി വാഹനങ്ങളും 1350 സിഎന്‍ജി സ്‌റ്റേഷനുകളും 33000 വ്യവസായ വാണിജ്യ ഉപഭോക്താക്കളുമാണ് ഇപ്പോള്‍ ഗ്യാസ് വിതരണ ശൃംഖല വഴി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലും മാഹി കേന്ദ്രഭരണപ്രദേശത്തും സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നു.
ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ പ്രകൃതി വാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്യാസ് വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ ചെലവ് കുറഞ്ഞ പ്രകൃതി വാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിച്ച് ശുദ്ധമായ ഇന്ധനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ ഒന്‍പതാമത് റൗണ്ടില്‍ 70,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പൈപ്പ് ലൈനുകള്‍ നിര്‍മ്മിക്കുക, ഗാര്‍ഹിക ഉപഭോഗത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, നിശ്ചിത ഭൂപ്രദേശത്ത് ഗ്യാസ് വിതരണത്തിനുള്ള അവകാശം സ്വന്തമാക്കുക തുടങ്ങിയ ബിസിനസ് അവസരങ്ങളാണ് ഈ രംഗത്തുള്ളത്. സിറ്റി ഗ്യാസ് വിതരണ രംഗത്തെ ബിസിനസ് അവസരങ്ങളെക്കുറിച്ച് കൊച്ചി സിറ്റി ഗ്യാസ് വിതരണ പദ്ധതി നടപ്പാക്കുന്ന ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡിജിഎം ആന്‍ഡ് അസറ്റ് ഹെഡ് അജയ് പിള്ള അനുഭവം പങ്കുവെച്ചു. പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് മാര്‍ക്കറ്റിംഗ് പങ്കജ് വാധ്വയും നിക്ഷേപത്തെക്കുറിച്ച് അനുഭവം പങ്കുവെച്ചു. വാതക ഇന്ധന രംഗത്തേക്ക് കടന്നുവരുന്ന നിക്ഷേപകര്‍ക്ക് ഇരുവരും ധൈര്യം പകര്‍ന്നു.
സംസ്ഥാനത്തെ സിറ്റി ഗ്യാസ് വിതരണ രംഗത്ത് വലിയ അവസരങ്ങളാണുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി മെട്രോ എംഡി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് അംഗം എസ്. രഥ്, പിഎന്‍ജിആര്‍ബി ചെയര്‍പേഴ്‌സണ്‍ ഡി.കെ. സറഫ്, ജോയിന്റ് അഡൈ്വസര്‍ കെ. കിട്ടപ്പ എന്നിവര്‍ പങ്കെടുത്തു.
പ്രകൃതി വാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക, ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സുതാര്യമായ പ്രകൃതി വാതക വിപണി സൃഷ്ടിക്കുക, ഉപഭോക്താക്കളുടെയും നിര്‍മ്മാതാക്കളുടെയും വാഹന ഉടമകളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പിഎന്‍ജിആര്‍ബി പ്രവര്‍ത്തിക്കുന്നത്.