കൊച്ചി: യന്ത്രമുപയോഗിച്ച് ഞാറുനട്ടു കൊണ്ട് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ ഈ വര്‍ഷത്തെ നെല്‍ കൃഷിക്ക് തുടക്കമായി. കാര്‍ഷിക കര്‍മ്മ സേനയുടെയും കര്‍ഷക കൂട്ടായ്മയുടേയും നേതൃത്വത്തിലാണ് ഞാറുനട്ടത്. ജപ്പാന്‍ നഴ്‌സറി അഥവാ മാറ്റ് നഴ്‌സറി സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിച്ച ആറു ദിവസം പ്രായമായ ഞാറുകളാണ് നട്ടത്.
തൊഴിലാളികളുടെ ലഭ്യതക്കുറവു കാരണം വിവിധ കൃഷിഭവനുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് കാര്‍ഷിക കര്‍മസേനകള്‍ രൂപീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് നെല്‍കൃഷി നടത്തുന്നത്. യന്ത്രവത്കൃത കൃഷി രീതിയാണ് നെല്‍കൃഷിയിലുടനീളം ഈ പ്രാവശ്യം പിന്തുടരുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കാനും കൃഷി കൂടുതല്‍ ലാഭകരമാക്കാനും ഇതുമൂലം സാധിക്കും.
ഞാറുനടീലിന് രണ്ട് വര്‍ഷം മുന്‍പ് യന്ത്രം ഉപയോഗിച്ചിരുന്നെങ്കിലും വിജയമായിരുന്നില്ല. ഈ വര്‍ഷമാണ് വിജയകരമായി ഞാറുനട്ടത് .ഈ പരിപാടി വിജയിച്ചാല്‍ മറ്റ് പാടശേഖരങ്ങളില്‍ കൂടി യന്ത്രവത്കൃത ഞാറുനടീല്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നും സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പദ്ധതിയെ സ്വാധീനിക്കുന്ന പദ്ധതിയായിത്തന്നെ ഇത് മാറുമെന്നും കൃഷി ഓഫീസര്‍ എം.എന്‍. രാജേന്ദ്രന്‍ പറഞ്ഞു. കളപ്പുരയ്ക്കല്‍ ഗോപിയുടെ പാടശേഖരത്തിലാണ് വാരപ്പെട്ടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഞാറുനട്ടത്. ഞാറുനടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എം.എന്‍.രാജേന്ദ്രന്‍ കര്‍മ്മ സേന പ്രസിഡന്റ് ഷാജി കൊറ്റം കോട്ടില്‍ സെക്രട്ടറി ജോസ്.കെ.തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.