തീരദേശവാര്‍ഡുകളിലെ കുടുംബശ്രീ സംരംഭകരുടെഭക്ഷ്യ വിപണന മേള മതിലകം പഞ്ചായത്തില്‍ സംഘടിപ്പിച്ചു.തീരദേശ വാര്‍ഡുകളിലെ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള തീരശ്രീ പദ്ധതിയുടെ ഭാഗമായാണ്ഭക്ഷ്യ വിപണനമേള സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളുടെ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് വിപണന മേള എന്ന ആശയം നടപ്പാക്കിയത്.എറിയാട്, ശ്രീനാരായണപുരം, മതിലകം, കയ്പമംഗലം, വലപ്പാട് എന്നീ പഞ്ചായത്തുകളിലെ കുടുംബശ്രീ കൂട്ടായ്മകളാണ് മേളയില്‍ പങ്കെടുത്തത്.

പതിനഞ്ച് തരം വ്യത്യസ്ത വിഭവങ്ങള്‍ അടങ്ങിയ പായസമേളയും നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ മേള ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷീജ ബാബു ആദ്യവില്‍പന ഏറ്റുവാങ്ങി. ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം കെ പ്രേമാനന്ദന്‍, മതിലകം കോസ്റ്റല്‍ വളണ്ടിയര്‍ റുബീന, വിവിധ പഞ്ചായത്തുകളിലെ സി ഡി എസ് ചെയര്‍പേഴ്സന്മാര്‍ എന്നിവര്‍ പങ്കെടുത്തു.