കലകളുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങള്‍ ചിത്രീകരിച്ച ബഹുസ്വരതയുടെ ദൃശ്യ മഹാസംഗമം ‘മഴമിഴി’ തൃശൂരിനോട് വിട പറയുന്നു.
കോവിഡ് കാലത്ത് കലയുടെ അതിജീവനത്തിന് കരുതല്‍ കൂട്ടായ്മയായി കേരള സാംസ്‌കാരിക വകുപ്പ് ആരംഭിച്ച ‘മഴമിഴി’ മെഗാ സ്ട്രീമിങ് ചിത്രീകരണമാണ് കഴിഞ്ഞ മൂന്നു ദിവസമായി കേരള കലാമണ്ഡലത്തില്‍ അരങ്ങേറിയത്. കലകളുടെ തനിമയാര്‍ന്ന ചിത്രീകരണവും സാമ്പത്തിക കൈത്താങ്ങുമായി ഓഗസ്റ്റ് ആദ്യവാരം മുതല്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലെയും കലാ സമൂഹങ്ങളിലേക്ക് മഴമിഴി ചിത്രീകരണ സംഘമെത്തുന്നുണ്ട്.ഓഗസ്റ്റ് 9ന് കേരള കലാമണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്താണ് സാംസ്‌കാരിക വകുപ്പിന്റെ ചിത്രീകരണ സംഘം വടക്കന്‍ മേഖലാ ചിത്രീകരണം ആരംഭിച്ചത്. ഓഗസ്റ്റ് 9 മുതല്‍ 11 വരെ കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില്‍ അരങ്ങേറിയ നൃത്തച്ചുവടുകളുടേയും അഭിനയ നിറവിന്റെയും വാദനമികവിന്റെയും സമന്വയത്തില്‍ മഴമിഴി ശോഭിതമായി. കേളി, സോപാന സംഗീതം, വയലിന്‍ത്രയം, പുല്ലാങ്കുഴല്‍, സ്വരവേണു, കൂടിയാട്ടം, ചെണ്ടമേളം, മുഖര്‍ശംഖ് ലയതരംഗം, തബല, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, കഥകളി, മിഴാവില്‍ തായമ്പക, പഞ്ചവാദ്യം, നങ്ങ്യാര്‍കൂത്ത്, മുളസംഗീതം തുടങ്ങിയ ഇരുപത്തഞ്ചോളം കലാരൂപങ്ങളാണ് ഈ ദിവസങ്ങളില്‍ കലാമണ്ഡലത്തിന് മിഴിവേകിയത്.

കേരള സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക് ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ഗുരു ഗോപിനാഥ് നടന ഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ഭാരത് ഭവന്‍ മഴമിഴി എന്ന മള്‍ട്ടിമീഡിയ മെഗാ സ്ട്രീമിങ് ലോക മലയാളികള്‍ക്കായി ഒരുക്കുന്നത്. കേരളത്തിലെ നവോത്ഥാന നായകരുടെ ജന്മനാളും ജീവകാരുണ്യ ദിനവുമായ ഓഗസ്റ്റ് 28 മുതല്‍ നവംബര്‍ 1 വരെ 65 ദിവസങ്ങള്‍ രാത്രി 7 മുതല്‍ 9 വരെ samskarikam.org എന്ന വെബ് പേജിലൂടെ ഓണ്‍ലൈന്‍ സ്ട്രീമിങായി ഇവ പൊതുജനങ്ങളിലേക്ക് എത്തിക്കും.350 ഓളം കലാ സംഘങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവതരണത്തിന് അവസരം ലഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 12 മുതല്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലായി മഴമിഴി ചിത്രീകരണം തുടരും. അട്ടപ്പാടി ഊരുകളിലെ ഗോത്രകലകള്‍, അനുഷ്ഠാന കലകള്‍ എന്നിവയും ചിത്രീകരിക്കുന്നുണ്ട്.