ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ‘എന്‍ട്രി 2021′ ന്റെ ജില്ലാതല ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് നിര്‍വഹിച്ചു. ആദ്യഘട്ട ദ്വിദിന പരിശീലനമാണ് നടക്കുന്നത്. വിക്ടേഴ്സിലൂടെ നല്കി വരുന്ന ക്ലാസ്സുകള്‍ക്ക് പുറമെ പാലക്കാട് ഡയറ്റ് നടപ്പാക്കുന്ന ഇന്റര്‍ബെല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഉപകാരപ്രദമായി മാറി എന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സ്പീക്കര്‍ പറഞ്ഞു.
ജില്ലയിലെ എസ്.എസ്.എല്‍.സി ഫലത്തില്‍ അതിന്റെ പ്രതിഫലനമുണ്ടായി. കോവിഡ് മൂലമുള്ള പ്രതിസന്ധികളെ മറികടന്ന് വിദ്യാഭ്യാസ മേഖലയില്‍ ഡയറ്റിന്റെ ഫലപ്രദമായ ഇടപെടലുകളിലൂടെ തുടര്‍ന്നും മുന്നേറ്റമുണ്ടാവണം. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്. വിദ്യാതരംഗിണി പലിശ രഹിത വായ്പ പദ്ധതികളും ഉപകാരപ്രദമാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ മൊബൈല്‍ ലൈബ്രറി പദ്ധതികളും ജില്ലയില്‍ വിവിധ സ്കൂളുകളില്‍ ആരംഭിച്ചു കഴിഞ്ഞതായും സ്പീക്കര്‍ പറഞ്ഞു.
കാണാപാഠം പഠിപ്പിക്കുന്ന മുന്‍ രീതികളില്‍ നിന്നും വ്യത്യസ്തമായി കുട്ടികളുടെ പ്രശ്നങ്ങളും കുറവുകളും മനസ്സിലാക്കി പഠനത്തിന് സഹായിക്കുന്ന ആളുകളായി അധ്യാപകര്‍ മാറി. പഠനം ആഹ്ലാദകരമായി മാറി. നിലവിലെ സാഹചര്യത്തില്‍ അധ്യാപകര്‍ ഡിജിറ്റല്‍ അധ്യാപരായി മാറിയിരിക്കുകയാണ്. മികച്ച ഡിജിറ്റല്‍ കണ്ടന്റുകള്‍ കുട്ടികള്‍ക്ക് നല്‍കണം. പൊതുവിദ്യാഭ്യാസ അക്കാദമിക നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഭൗതിക സൗകര്യങ്ങളും അധ്യാപക ഗുണമേന്മയും കുട്ടികളില്‍ പ്രകടമായ വളര്‍ച്ചയാണ് സൃഷ്ടിച്ചത്. അധ്യാപക പരിശീലന പരിപാടികള്‍ക്ക് ഊന്നല്‍ നല്കി മികച്ച അധ്യാപകര്‍ പൊതുവിദ്യാഭ്യാസം മികവുറ്റതാക്കുമെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.
അധ്യാപകര്‍ക്ക് ക്ലാസ് മുറികളും കുട്ടികളെയും കാണാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന പരിമിതികള്‍ മറികടക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലായി കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ നിയമിതരായ 1500ലധികം അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ബാച്ചുകളുടെ പരിശീലനവും നടക്കും. വിവിധ വിഷയങ്ങളിലെ പാഠ്യപദ്ധതി, പഠന സമീപനങ്ങള്‍, ഫസ്റ്റ് ബെല്‍ ക്ലാസുകള്‍, അധ്യാപകര്‍ നല്‍കേണ്ട പിന്തുണാ പ്രവര്‍ത്തനങ്ങള്‍, ഡയറ്റ് നടപ്പാക്കുന്ന ഇന്റര്‍ബെല്‍, ഡിജിറ്റല്‍ ക്ലാസുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ ചര്‍ച്ച ചെയ്യും.
ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം സോമരാജന് അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. കൃഷ്ണന്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ കെ.എന്‍. കൃഷ്ണകുമാര്‍, സേവനകാല അധ്യാപക പരിശീലന വിഭാഗം സീനിയര്‍ ലക്ചറര്‍ ഡോ. വി. ടി ജയറാം, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ മുഹമ്മദ് ഇക്ബാല്‍, ഷഫീന ബീഗം, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.