സപ്ലൈകോയുടെ ആഭിമുഖ്യത്തില് നടത്തുന്ന ജില്ലാതല ഓണം മേള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ആളുകൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് കോവിഡ് കാലത്തും സപ്ലൈകോ പ്രവർത്തിച്ചതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. 85 ലക്ഷം കാർഡുടമകൾക്കാണ് സംസ്ഥാനത്തൊട്ടാകെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഉൽപാദന മേഖലയിൽ കഠിനാധ്വാനം ചെയ്യുന്ന കർഷകരെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഓണച്ചന്തകൾ വഴി പച്ചക്കറി കിറ്റുകളും വിതരണം ചെയ്യുന്നത്. ഇതുവഴി കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സാധിക്കുന്നുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സപ്ലൈകോയുടെ 13 സബ്സിഡി ഉത്പന്നങ്ങൾ കൂടാതെ പ്രമുഖ ബാൻഡഡ് ഉൽപ്പന്നങ്ങളും പച്ചക്കറി, നേന്ത്രക്കായ എന്നിവയും മേളകളിൽ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

ഓഗസ്റ്റ് 11 മുതല് 20 വരെ രാവിലെ 10 മുതല് വൈകിട്ട് ആറ് വരെയാണ് സ്റ്റേഡിയം സ്റ്റാന്റിലുള്ള പീപ്പള്സ് ബസാറില് ജില്ലാ ഫെയര് പ്രവര്ത്തിക്കുക. വിപണന കേന്ദ്രങ്ങളില് നിന്നും അവശ്യ സാധനങ്ങള് വിലക്കുറവില് ലഭിക്കും. പൊതുജനങ്ങള് കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് എത്തേണ്ടതെന്ന് ഡിപ്പോ മാനേജര് അറിയിച്ചു. . സപ്ലൈകോയുടെ താലൂക്ക്തല ഫെയറുകള്ക്ക് ഓഗസ്റ്റ് 16 ന് തുടക്കമാകും. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ അധ്യക്ഷയായി. ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ സപ്ലൈ ഓഫീസർ വി കെ ശശിധരൻ, പാലക്കാട് താലൂക്ക് ഡിപ്പോ മാനേജർ ജി സുമ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി. ബാലൻ, കെ ശിവരാജേഷ്, ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ, വി. ഡി ഉലഹന്നാൻ, സുബ്രഹ്മണ്യൻ, അബ്ദുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.