ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വര്ഷം നീളുന്ന പരിപാടികള്ക്ക് ഓഗസ്റ്റ് 17 ന് തുടക്കമാകും. സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. ആഘോഷങ്ങളുടെ സംഘാടനവും തയ്യാറെടുപ്പും വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ചെയര്പേഴ്‌സണ് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോളുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് ജില്ലയില് ആഘോഷങ്ങള് സംഘടിപ്പിക്കാന് തീരുമാനമായി.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ മുന്നോടിയായി രജതജൂബിലി ആഘോഷങ്ങള് സംഘടിപ്പിക്കും. ജനകീയ ആസൂത്രണം ആരംഭിച്ച 1996 മുതലുള്ള ജനപ്രതിനിധികളെ ആദരിക്കുകയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജനകീയാസൂത്രണ വഴികളെകുറിച്ചുള്ള റിപ്പോര്ട്ട് അവതരിപ്പിക്കുകയും ചെയ്യും. ഇതിനു പുറമെ വിവിധ പരിപാടികള് തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കും.