60 വയസ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. കോവിഡ് വ്യാപനം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 60 വയസിനുമേല്‍ പ്രായമുള്ളതും ഇതുവരെ ഒരു ഡോസ് പോലും വാക്‌സിന്‍ എടുക്കാത്തവരുമായ മുഴുവന്‍ ആളുകള്‍ക്കും ആഗസ്ത് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുന്നതിനാണ് പ്രത്യേക യജ്ഞം നടത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഇതിനായി ഒരു ഡോസ് പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത 60 വയസ് കഴിഞ്ഞ എല്ലാവരുംആഗസ്ത് 15 ന് മുന്‍പ് തൊട്ടടുത്ത കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രവുമായി ബന്ധപ്പെടണം. കോവിഡ് രോഗം ബാധിച്ചാല്‍ കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളത് ഈ വിഭാഗക്കാരെയാണ്. അതിനാല്‍ അത്തരക്കാരില്‍ രോഗം ഗുരുതരം ആകാന്‍ ഉള്ള സാഹചര്യം ഒഴിവാക്കുകയും മരണ സാധ്യത ഒഴിവാക്കുകയും ചെയ്യുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം. ജില്ലയില്‍ ഈ യജ്ഞം വിജയിപ്പിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.