സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഖരമാലിന്യ സംസ്‌കരണത്തിനായുള്ള വസ്തുതകള്‍ മനസിലാക്കുന്നതിന് വേണ്ടി പൂക്കോട് മേഖലയിലെ വളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഗുരുവായൂര്‍ നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനും ഹരിതകര്‍മ്മസേന വഴി അജൈവ മാലിന്യ ശേഖരണം ഉറപ്പുവരുത്തുന്നതിനുമുള്ള സമയബന്ധിത പ്രചാരണ പരിപാടിയാണ് സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ ക്യാമ്പയിന്‍. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. ഐ ആര്‍ ടി സി കോര്‍ഡിനേറ്റര്‍ എസ് മനോജ് ക്ലാസെടുത്തു. ഖരമാലിന്യ ശുചിത്വ ക്യാമ്പയിന്റെ പ്രൊമോട്ടേഴ്സായ 60 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ശുചിത്വ മിഷന്‍ കണക്കുപ്രകാരം നഗരപ്രദേശങ്ങളില്‍ ഒരു മനുഷ്യന്‍ പ്രതിദിനം 200 ഗ്രാം ജൈവമാലിന്യവും 150 ഗ്രാം അജൈവമാലിന്യവും ഉല്‍പാദിപ്പിക്കുന്നുണ്ട്. ഗുരുവായൂര്‍ നഗരസഭയിലെ ജനസംഖ്യ 72,500 ആണ്. കൂടാതെ ക്ഷേത്രനഗരിയായതിനാല്‍ ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ എത്തിച്ചേരുന്നു.
നാട് നേരിടുന്ന വെല്ലുവിളിയായി മാലിന്യ സംസ്‌കരണം മാറിക്കൊണ്ടിരിക്കുന്നതിനുള്ള ശാശ്വത പരിഹാരമായാണ് നഗരസഭ സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണ പദ്ധതി വിഭാവനം ചെയ്തത്. പരിപാടിയില്‍ ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനീഷ്മ, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സായിനാഥന്‍, എ എം ഷെഫീര്‍, ശൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ എസ് മനോജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ ശ്രീകുമാര്‍, സെക്രട്ടറി പി എസ് ഷിബു എന്നിവര്‍ പങ്കെടുത്തു.