കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 32 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. അഞ്ഞൂറിലധികം കേസുകളില്‍ താക്കീതു നല്‍കി. കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് കൂടുതല്‍ മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത്. കരുനാഗപ്പള്ളി, ചവറ, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ 21 കേസുകളില്‍ പിഴയീടാക്കി. 160 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടുകസുകളില്‍ പിഴയീടാക്കുകയും 248 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളിലെ പരിശോധനയില്‍ രണ്ടു കേസുകള്‍ക്ക് പിഴയും 148 എണ്ണത്തിന് താക്കീതും നല്‍കി.

കൊല്ലത്തെ ചിറക്കരയില്‍ ഒരു കേസിനു പിഴ ചുമത്തി. 25 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
പുനലൂര്‍, വാളക്കോട് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനോദ് നേതൃത്വം നല്‍കി.
പത്തനാപുരം ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, പുന്നല ഭാഗങ്ങളില്‍ പരിശോധന നടത്തി. 14 കേസുകള്‍ക്ക് താക്കീത് നല്‍കി.