കേലാട്ടുകുന്ന് കോളനി നിവാസികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി മൂന്ന് സെന്റ് ഭൂമിയും ഫ്‌ളാറ്റും.
കോളനിയിലെ 15 കൈവശക്കാര്‍ക്ക് മൂന്ന് സെന്റ് ഭൂമിയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോട് താലൂക്കില്‍ നെല്ലിക്കോട് വില്ലേജില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള 1.20 ഏക്കര്‍ ഭൂമിയില്‍ നിന്നുമാണ് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക. ഇതോടു കൂടി കേലാട്ടുകുന്ന് കോളനി നിവാസികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് അറുതിയാവും. സ്വന്തമായി ഭൂമിയും അടച്ചുറപ്പുള്ള വീടും സ്വപ്നം കണ്ട ഇവര്‍ക്ക് ഇനി ആശ്വാസത്തോടെ ജീവിക്കാം. ശൗചാലയം, കുടിവെള്ളം, വൈദ്യുതി കണക്ഷന്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും കോളനിക്കാര്‍ക്ക് ലഭിക്കും.

കോര്‍പ്പറേഷന്‍ റോഡില്‍ നിന്ന് നാലടി വീതിയുള്ള 20 മീറ്റര്‍ വഴി സ്ഥലത്തേക്കുണ്ട്. ഭൂമി പ്ലോട്ട് തിരിച്ച് ആവശ്യമായ വഴി സൗകര്യം നല്‍കും. 19 കുടുംബങ്ങളില്‍ ശേഷിക്കുന്ന നാല് കുടുംബങ്ങളെ തുടര്‍ വര്‍ഷങ്ങളിലെ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥലത്തു തന്നെ പുനരധിവസിപ്പിക്കും. ബാക്കി വരുന്ന ഭൂമി സര്‍ക്കാറിന്റെ ലൈഫ് പദ്ധതിക്കായി പരിഗണിക്കും. വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 14 കുടുംബങ്ങള്‍ കോളനിയിലുണ്ട്. അവയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആറ് കുടുംബങ്ങളുമുണ്ട്.

പട്ടികജാതി, പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട 19 കുടുംബങ്ങളാണ് 20 വര്‍ഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്നത്. കൈവശ രേഖകളില്ലാത്തതിനാല്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡോ വൈദ്യുതി കണക്ഷനോ വാട്ടര്‍ കണക്ഷനോ കോര്‍പറേഷന്‍ ഓഫീസില്‍ നിന്നുള്ള ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷക്കാലമായി ജില്ലാ ഭരണകൂടം നടത്തിയ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ഇവരുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കോളനി നിവാസികളുടെ ശോചനീയാവസ്ഥ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയത് നടപടികള്‍ വേഗത്തിലാക്കാന്‍ സഹായകമായി.

ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതുവരെ താമസത്തിന് താല്‍ക്കാലിക സൗകര്യം ഒരുക്കണമെന്നും ശേഷിക്കുന്ന ഭൂമി പൊതു ഇടമായി നിലനിര്‍ത്തുമെന്നും ഉത്തരവില്‍ പറയുന്നു.