പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം ഐഎസ്ഒ
9001: 2015 അംഗീകാരം നേടിയതിന്റെ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു

ഭൗതിക സാഹചര്യങ്ങക്കൊപ്പം ഗുണമേന്മയുള്ള സേവന സംവിധാനത്തിന്റെ മാതൃക സൃഷ്ടിക്കുകയാണ് പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം സേവനപ്രദാന ഗുണമേന്മയുടെ അന്താരാഷ്ട്ര നിലവാര സൂചകമായ ഐഎസ്ഒ 9001: 2015 അംഗീകാരം നേടിയതിന്റെ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ നയങ്ങള്‍ പ്രതിബദ്ധതയോടെ ഏറ്റെടുത്ത് ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മികവുറ്റ സേവനം അഴിമതിരഹിതവും സമയബന്ധിതമായും പൊതുജനങ്ങള്‍ക്ക് നല്‍കി ഒരു മാതൃകാ സ്ഥാപനമാകുകയാണ് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയം. കോവിഡ് മഹാമാരിക്കാലത്തും പ്രതിസന്ധികളെ അതിജീവിച്ച് നിലവിലുള്ള ദൗതിക അടിസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത് ഓഫീസിനെ മാറ്റിയെടുത്തത് പ്രശംസനീയമാണ്. മനുഷ്യവിഭവവും ഭൗതിക സൗകര്യങ്ങളും പ്രവര്‍ത്തനോന്മുഖമായ അന്തരീക്ഷവും സമന്വയിപ്പിച്ച മികവിന്റെ അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.