കോവിഡ് കാലഘട്ടത്തില്‍ വിതരണം ചെയ്ത അതിജീവന കിറ്റുകളുടെ കമ്മീഷന്‍ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ 17-ന് നടത്തുമെന്നറിയിച്ച സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഓണക്കാലത്ത് കിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ ഓണത്തിന് മുന്‍പ് ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള പ്രവര്‍ത്തനത്തിന് ഭംഗം വരുത്തുന്ന നടപടികളില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍മാറണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സമാശ്വാസ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചത്. അതിജീവന കിറ്റുകളുടെ വിതരണം ഒരു സേവന പ്രവര്‍ത്തനമായി കാണേണ്ടതായിരുന്നു എന്ന തരത്തിലുള്ള അഭിപ്രായം ഒരു വിഭാഗം റേഷന്‍ വ്യാപാരികളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.

കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അതിജീവന കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് 10.60 കോടിയാളം രൂപ കമ്മീഷന്‍ ഇനത്തില്‍ രണ്ട് ഘട്ടങ്ങളിലായി നല്‍കിയതായി മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച കേരളത്തിലെ റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

അതുകൊണ്ട് തന്നെയാണ്, കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും റേഷന്‍ വ്യാപാരികള്‍ക്ക് 7.5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് സംസ്ഥാന വിഹിതമായി 5 കോടി രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം,

കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശിക്ക് ലൈസന്‍സ് നല്‍കുന്നതില്‍ പത്താം ക്ലാസ്സ് പാസായിരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കല്‍, കെറ്റിപിഡിഎസ് റൂള്‍ സെക്ഷന്‍ 37 പ്രകാരം പുതിയ റേഷന്‍ കടകള്‍ ആരംഭിക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ട ഒരു ലക്ഷം രൂപ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി പതിനായിരം രൂപയായി കുറയ്ക്കുക തുടങ്ങിയ റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.