ഗുണനിലവാരം കുറഞ്ഞ കയ്യുറകള്‍ ആശുപത്രികള്‍ക്കായി വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് കയ്യുറകള്‍ വാങ്ങിയതെന്ന് കെ.എം.എസ്.സി.എല്‍. വ്യക്തമാക്കിയെങ്കിലും ആക്ഷേപം വന്നതിനെത്തുടര്‍ന്ന് ആരോപണവിധേയമായ കമ്പനിയില്‍നിന്ന് സംഭരിച്ചു വിതരണം ചെയ്ത കയ്യുറകളുടെ താത്ക്കാലികമായി തിരികെ വരുത്താനും വിതരണം നിര്‍ത്തി വയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഗുണനിലവാരം കുറഞ്ഞ ഗ്ലൗസുകള്‍ നിപാ പ്രതിരോധ പരിപാടികളുടെ ‘ഭാഗമായി രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നുള്ള പരാമര്‍ശം അടിസ്ഥാനരഹിതമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ സംഭരിച്ചു വിതരണം ചെയ്ത വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടേയും പ്രത്യേകതരത്തിലുള്ള കയ്യുറകളുടേയും ഗുണനിലവാരം കെ.എം.എസ്.സി.എല്‍. നേരത്തെ ഉറപ്പുവരുത്തിയിരുന്നു. രോഗികള്‍ക്ക് ചികിത്സ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ പരിചരിച്ചവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രതിയിലെ ഐസലേഷന്‍ വാര്‍ഡുമായി ബന്ധപ്പെട്ട് രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ഏകദേശം 2.44 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും എന്‍പി 5 മാസ്‌ക് ഉള്‍പ്പെടെയുള്ള അനുബന്ധ സാധന സാമഗ്രികളും കെ.എം.എസ്.സി.എല്‍. വഴിയാണ് സംഭരിച്ചു വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
