രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബന്ധരായി സ്വാതന്ത്ര്യത്തിന് കരുത്തു പകരണം എന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജാതി-മത-വര്‍ഗ വേര്‍തിരിവുകള്‍ക്ക് ഇടം നല്‍കാതിരിക്കാന്‍ ബദ്ധശ്രദ്ധരാകണം. ഭരണഘടനാ മൂല്യങ്ങളുടെ കാവലാകാനും കഴിയണം. തുല്യപരിഗണനയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. സ്വാതന്ത്ര്യസമര യാതനകളുടേയും പോരാട്ടങ്ങളുടേയും ചരിത്രം ഉള്‍ക്കൊണ്ട് സമത്വപൂര്‍ണായ അന്തരീക്ഷം ഒരുക്കുകയാണ് പ്രധാനമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ദേശീയ പതാക ഉയര്‍ത്തി പൊലിസ്, എക്‌സൈസ്, മോട്ടര്‍ വാഹന വകുപ്പ് എന്നിവയുടെ സല്യൂട്ട് മന്ത്രി സ്വീകരിച്ചു. കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു പരിപാടികള്‍.
നഗരസഭാ ചെയര്‍മാന്‍ എ. ഷാജു, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, ആഘോഷ കമ്മിറ്റി ചെയര്‍മാനും തഹസീല്‍ദാറുമായ ജി. നിര്‍മല്‍ കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ജി. സുരേഷ് കുമാര്‍, പ്രശാന്ത് കാവുവിള, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
