സാമ്പത്തിക പരമാധികാരം നഷ്ടപ്പെട്ടാല്‍ രാഷ്ട്രത്തിന്റെ പരമാധികാരവും നഷ്ടമാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന പരേഡിന് അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം അര്‍ഥപൂര്‍ണമാകാന്‍ പണാധിപത്യവും സാമ്പത്തിക അസമത്വവും ഇല്ലാതാകണം. ദുര്‍ബല ജനവിഭാഗങ്ങള്‍ മുന്‍നിരയിലേക്ക് എത്തുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണ അര്‍ഥത്തില്‍ എത്തുകയുള്ളൂ. അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം നേടുകയും വേണം. ശാസ്ത്രത്തിന്റെ കരുത്താണ് കോവിഡ് അതിജീവനത്തിലേക്ക് നമ്മെ നയിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ തുണയാകാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. എല്ലാവര്‍ക്കും എത്രയും വേഗം കോവിഡ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും ഓണത്തിന് മുന്നോടിയായി രണ്ട് ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ച് നല്‍കുകയാണ്. പ്രത്യേക ഭക്ഷ്യകിറ്റും സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യേകവും നല്‍കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് സാഹചര്യം പരിഗണിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷ ചടങ്ങ്. എം. നൗഷാദ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, റൂറല്‍ എസ്. പി. കെ. ബി. രവി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എസ്. ജയന്‍, എ. കെ. സവാദ്, യു. പവിത്ര, എ. ഡി. എം. എന്‍. സാജിത ബീഗം, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുമീതന്‍ പിള്ള, എ. സി. പി. എ. പ്രതീപ് കുമാര്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രസാദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. എണസ്റ്റ്, ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. ആര്‍. സന്ധ്യ തുടങ്ങിയവര്‍ക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.