4ജി ടവര്‍ ലോഞ്ച് ചെയ്തു മന്ത്രി റോഷി അഗസ്റ്റിന്‍; വട്ടവടയില്‍ ഇനി പഠനവും ജോലിയും ഹൈസ്പീഡില്‍

കോവിഡ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കുന്നതില്‍ ഇടുക്കിയുടെ പുതിയ മുന്നേറ്റമാണ് വട്ടവടയില്‍ 4 ജി മൊബൈല്‍ ടവര്‍ സ്ഥാപിച്ചതിലൂടെ സാധ്യമായതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വട്ടവട പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ മൊബൈല്‍ ടവര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഠനത്തോടൊപ്പം ജോലിക്ക് അവസരമൊരുക്കുന്നതിനും പി എസ് സി ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പുതിയ ടവറുകള്‍ വഴി ലഭ്യമാകുന്ന 4ജി സേവനം സഹായകമാകും. ജൂണില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് വിവിധ മീറ്റിംഗുകള്‍ വിളിച്ചു ചേര്‍ക്കുകയും നെറ്റ്വര്‍ക്ക് ദാതാക്കളുമായി ചര്‍ച്ച നടത്തുകയും സര്‍വ്വേ നടത്തുകയും ചെയ്തിരുന്നു. നൂറില്‍ അധികം ഇടങ്ങളില്‍ പുതിയ ടവറുകള്‍ സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ച് ആദിവാസി മേഖലകളില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

നിലവിലുള്ള ടവറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തു മുന്നോട്ട് പോവുകയാണ്. 1964 റൂള്‍ പ്രകാരം പട്ടയ ഭൂമിയില്‍ ടവര്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി. പട്ടയമില്ലാത്ത ഭൂമിയില്‍ കൂടി നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കുവെക്കുന്ന പഞ്ചായത്താണ് വട്ടവട. മലയാളം, തമിഴ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ടവറുകള്‍ 4 ജി സേവനത്തിലേക്ക് മാറുന്നത്. ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയും ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ സേവന ദാതാക്കളുമായി നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു.

എ. രാജ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരുന്നു. ജിയോ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.സി. നരേന്ദ്രന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി, പഞ്ചായത്ത് പ്രസിഡന്റ് ബി. ഗണപതിയമ്മാള്‍, വൈസ് പ്രസിഡന്റ് കെ. വേലായുധം, ബ്ലോക് പഞ്ചായത്തംഗം സുകന്യ, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. രാജേന്ദ്രന്‍, അഡ്വ. എംഎം മാത്യു, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, പി. രാമരാജ, മാരിയപ്പന്‍, കുപ്പുസ്വാമി, പ്രശാന്ത് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.