സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനവും മാനസിക പീഡനവും നടത്തുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തി 45 ദിവസത്തിനുള്ളിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിൽ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീധനത്തിനെതിരെ സമൂഹമനസാക്ഷിയനുസരിച്ച് നടപടികൾ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലത്തെ എസ്.വി. വിസ്മയയുടെ ഭർത്താവ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺ കുമാറിനെ ഗതാഗത വകുപ്പിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

സ്ത്രീധന പീഡനം നടത്തുന്നവർക്കെതിരെ നടപടി എടുക്കേണ്ടത് പൊതുവായ ആവശ്യമാണ,് ദാക്ഷിണ്യം കൂടാതെ അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിനു മാതൃകയാവേണ്ട സർക്കാർ ഉദ്യോഗസ്ഥർ ഇത്തരം ദുഷ് പ്രവണതകൾ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.