സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലില് നിന്നും മില്മയുടെ നേതൃത്വത്തില് കൂടുതല് മൂല്യവര്ദ്ധിത ഉല്പ്പന്നങ്ങള് നിര്മ്മിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ബജറ്റില് മില്മയുടെ മൂല്യവര്ദ്ധിത ഉല്പ്പന്നങ്ങള്ക്കായി 10 കോടി രൂപ നീക്കിയിട്ടുണ്ട്. ക്ഷീരമേഖലയില് പുരോഗമനപരമായ മാറ്റങ്ങള് ഉണ്ടാക്കാന് ഉള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. മാടമ്പാറ ക്ഷീരോല്പാദക സഹകരണ സംഘത്തില് ആരംഭിച്ച ഫാര്മേഴ്‌സ് ഫെസിലിറ്റേഷന് കം ഇന്ഫര്മേഷന് സെന്റര് ആന്ഡ് 10 കിലോവാട്ട് സോളാര് പവര് പ്രോജക്ട് ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാടമ്പാറ ക്ഷീരസംഘം ഹാളില് നടന്ന പരിപാടിയില് കെ.ഡി പ്രസേനന് എം.എല്.എ അധ്യക്ഷനായി. മാടമ്പാറ ക്ഷീര സംഘത്തില് ആരംഭിച്ച ഡയറി നീതി സ്റ്റോര് പ്രവര്ത്തനം മില്മ ചെയര്മാന് കെ എസ് മണി ഉദ്ഘാടനം ചെയ്തു. ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, എരിമയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേംകുമാര്, മറ്റു ജനപ്രതിനിധികള്, ക്ഷീരസംഘം പ്രസിഡന്റുമാര്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.