കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ള സംഘത്തിന്റെ അഭിനന്ദനം. കേരളത്തിന്റെ നെഗറ്റീവ് വാക്‌സിൻ വേസ്‌റ്റേജ് മാതൃകാപരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എടുത്തു പറയുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിൻ വിതരണത്തിലും ദേശീയ ശരാശരിയെക്കാൾ കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കായി പത്തു ലക്ഷം വാക്‌സിൻ വാങ്ങി നൽകുകയുണ്ടായി. ഈ മാതൃക പരിഗണിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെട്ടു.