ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് നബാര്‍ഡിന്റെ സഹായത്തോടെ ദീര്‍ഘ ദൂര വൈഫൈ പ്രോജക്ട് തയ്യാറാക്കിയത്. ഇന്ന് രാവിലെ 10ന് ചാലിയാര്‍ പാലക്കയം കോളനിയില്‍ നടക്കുന്ന പരിപാടിയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനാവും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ ടാബുകള്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ വിതരണം ചെയ്യും.

പദ്ധതിയുടെ ഭാഗമായി ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ട്രൈബല്‍ സ്‌കൂളില്‍ സ്ഥാപിച്ച ബേസ് സ്റ്റേഷന്‍ ടവറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന വെറ്റിലക്കൊല്ലി, അമ്പുമല, പാലക്കയം എന്നീ കോളനികളില്‍ ചെറിയ ടവറുകള്‍ സ്ഥാപിച്ച് ഇന്റര്‍നെറ്റ് ലഭ്യമാക്കും.
145 വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി ഗുണം ചെയ്യുന്നത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കൊപ്പം പഠനകേന്ദ്രവും തയ്യാറാക്കിയിട്ടുണ്ട്. മറ്റ് കോളനികളിലും ഈ സൗകര്യം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജെ.എസ്.എസ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ജെ.എസ്.എസിന്റെ സാങ്കേതിക പങ്കാളിയായ സിഫോര്‍ സോഷ്യല്‍ കമ്പ്യൂട്ടിങാണ് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നത്.

നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ പരിപാടിയില്‍ മുഖ്യ സന്ദേശം നല്‍കും. കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളജ് പ്രൊഫസര്‍ ഡോ. പി.സൂരജ് സാങ്കേതികവിദ്യ പരിചയപ്പെടുത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോഹരന്‍, വൈസ് പ്രസിഡന്റ് ഗീതാ ദേവദാസ്, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ എ. മുഹമ്മദ് റിയാസ്, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ശ്രീകുമാര്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ രഘുനാഥ്, ജെ.എസ്.എസ് മലപ്പുറം ഡയറക്ടര്‍ വി. ഉമ്മര്‍കോയ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.