കോവിഡ് ബാധിതര്‍ക്ക് പി പി ഇ കിറ്റ് ധരിച്ച് പെന്‍ഷന്‍ എത്തിച്ച് വാര്‍ഡ് മെമ്പര്‍. ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷെലീല്‍ ആണ് മഹാമാരി കാലത്ത് നിര്‍ധനരായ അമ്മമാര്‍ക്ക് തണലായത്.
വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന കല്യാണി, വിമല, ശാന്തകുമാരി, മഞ്ജുള, കാര്‍ത്ത്യായനി, ഓമന എന്നീ അമ്മമാരാണ് ക്ഷേമപെന്‍ഷന്‍ കിട്ടാതെ വലഞ്ഞത്.പെന്‍ഷന്‍ നല്‍കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗികളുള്ള വീടുകള്‍ ഒഴിവാക്കേണ്ടി വന്നതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം. തുടര്‍ന്നാണ് വാര്‍ഡ് മെമ്പറെ അമ്മമാര്‍ ബന്ധപ്പെട്ടത്. ദുരിത കാലത്തെ നിസ്സഹായതയും വേവലാതികളും അവര്‍ പങ്കുവെച്ചു.
തുടര്‍ന്ന് ചേലക്കര പഞ്ചായത്ത് അധികൃതര്‍ ബാങ്കുമായി ബന്ധപ്പെടുകയും വൈസ് പ്രസിഡന്റ് നേരിട്ട് തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പോസിറ്റീവായി വീടുകളില്‍ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുകയായിരുന്നു. പി പി ഇ കിറ്റ് ധരിച്ചായിരുന്നു പെന്‍ഷന്‍ വിതരണം.
രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ കുടുംബങ്ങള്‍ക്ക് കൈമാറി. കൂടാതെ വിധവാപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കി. തൊഴുകൈകളോടെ നിറഞ്ഞ സന്തോഷം പങ്കുവെച്ച അമ്മമാരുടെ സ്‌നേഹമാണ് ഈ ഓണക്കാലത്ത് തനിക്ക് ലഭിച്ച വലിയ നേട്ടമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷെലീല്‍ പറയുന്നു. ഓണക്കാലത്ത് സമയത്തിന് തന്നെ പെന്‍ഷന്‍ ലഭിച്ച ആശ്വാസത്തിലാണ് അമ്മമാര്‍.