അധികം വരുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.പുഴയ്ക്കൽ ബ്ലോക്കിലെ പറപ്പൂർ ക്ഷീര സംഘത്തിന്റെ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് ക്ഷീര കർഷകർ നൽകിയ സേവനം അകമഴിഞ്ഞതാണ്. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ നല്ല പാൽ അത്യാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. പറപ്പൂർ ക്ഷീര സംഘം ഫാർമർ ഫെസിലിറ്റേഷൻ സെന്ററിലായിരുന്നു ഉദ്ഘാടനം.പുഴയ്ക്കൽ ബ്ലോക്കിൽ രണ്ടാമതായി സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റാണിത്.
10 കെഡബ്ലിയു പ്ലാന്റ് പദ്ധതിയുടെ അടങ്കല്‍ തുക ആറു ലക്ഷത്തോളം രൂപയാണ്. നിലവില്‍ പ്രതിദിനം ഇരുന്നൂറോളം കര്‍ഷകരില്‍ നിന്നായി 1500 ലിറ്റര്‍ പാല്‍ പറപ്പൂര്‍ ക്ഷീര സംഘത്തില്‍ സംഭരിക്കുന്നുണ്ട്. പാല്‍ സംഭരണ-വിപണനത്തിന് പുറമേ പാലുല്‍പന്ന നിര്‍മാണ യൂണിറ്റ് കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി കര്‍ഷകരില്‍ നിന്ന് പാലിന് പുറമേ പച്ചക്കറി, മുട്ട തുടങ്ങിയവ മിതമായ നിരക്കില്‍ സംഘം വില്‍പന നടത്തുന്നുണ്ട്.
ക്ഷീരോല്‍പാദന കര്‍ഷകരുടെ വികസനത്തിനായി പാല്‍ സംഭരണ മുറി, ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതികള്‍ തുടങ്ങി വിവിധ നവീകരണ പദ്ധതികള്‍ മുന്‍പും ക്ഷീരവികസനവകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ നിര്‍മിച്ചിട്ടുള്ള സോളാര്‍ പ്ലാന്റില്‍ നിന്ന് പ്രതിദിനം 50 യൂണിറ്റ് വൈദ്യുതി ഉല്‍പാദനമുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്‍പ് മാസംതോറും 1000 യൂണിറ്റ് വൈദ്യുതി ഉപഭോഗവും അതിലേക്ക് 13,000 രൂപ ചെലവും വന്നിരുന്നു.
സോളാര്‍ പ്ലാന്റ് നിലവില്‍ വന്നതിനുശേഷം സംഘത്തിന് മീറ്റര്‍ വാടക മാത്രമാണ് അടയ്‌ക്കേണ്ടി വരുന്നത്.പറപ്പൂർ ക്ഷീര സംഘത്തിലെ കർഷകരുടെയും ജീവനക്കാരുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനം, സോളാർ പാനൽ സ്ഥാപിച്ച സ്ഥാപനത്തെ ആദരിക്കൽ, പറപ്പൂർ ക്ഷീര സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകയെ ആദരിക്കൽ,
ഏറ്റവും കൂടുതൽ പാൽ അളന്ന എസ് എസി എസ് ടി കർഷകനെ ആദരിക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി.ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റാഫി പോൾ പദ്ധതി വിശദീകരണം നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ്, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി പോൾസൺ, പുഴയ്ക്കൽ ക്ഷീര വികസന ഓഫീസർ മഞ്ജുഷ ടി വി, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ക്ഷീര കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.