ഇക്കുറി ഓണം കെങ്കേമമാക്കാന്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ജൈവ പച്ചക്കറികളെത്തി. പച്ചക്കറികള്‍ക്കും, നെല്‍ക്കൃഷിക്കും പേര് കേട്ട മാങ്ങാട്ടിടം ദേശം ഇത്തവണ 32 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ജനകീയമായാണ് കൃഷിയിറക്കിയത്. ഉരുളക്കിഴങ്ങും, സവാളയുമൊഴികെ ബാക്കിയെല്ലാ തരം പച്ചക്കറികളും കൃഷിയിറക്കി. ചൊവ്വാഴ്ച (ആഗസ്ത് 17)മുതല്‍ മൂന്നാം പീടികയിലെ കൃഷിഭവന്‍ ഓണച്ചന്തയിലൂടെ ഇവ വിപണിയിലെത്തിക്കും. കൂത്തുപറമ്പ് ബ്ലോക്കിലെ ആറു കൃഷി ഭവനുകളിലേക്കും പച്ചക്കറികള്‍ വിപണനം ചെയ്യും. ലാഭം കര്‍ഷകര്‍ക്ക് തന്നെ ലഭ്യമാക്കും.

അയ്യപ്പന്‍തോട്, വെള്ളപ്പന്തല്‍, കൈതേരി, പഞ്ചായത്തിന് മുന്‍വശം എന്നിവിടങ്ങളിലായി നാല് വിപണന കേന്ദ്രങ്ങളിലും കരിയില്‍, കൈതച്ചാല്‍ എന്നിവിടങ്ങളിലെ ആഴ്ച ചന്തയിലും പച്ചക്കറികള്‍ ലഭ്യമാകും. രാസവളമൊഴിവാക്കി ചാണകവും പച്ചില വളവും ഹരിത കഷായവും മറ്റ് ജൈവരീതികളുമടിസ്ഥാനമാക്കിയായിരുന്നു കൃഷി പച്ചക്കറികള്‍ക്ക് പുറമെ മാങ്ങാട്ടിടം എന്ന പേരില്‍ അരിയും, തേനും  ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തിച്ചു. ഉമ, ജ്യോതി, ആതിര എന്നീ അരികളാണ് മാങ്ങാട്ടിടം ബ്രാന്‍ഡ് ചെയ്യുന്നത്. പുഴുങ്ങി കുത്തിയതിന് കിലോയ്ക്ക് 70 രൂപയും പച്ചരി 60 രൂപയുമാണ് വില. ആയിത്തര പച്ചക്കറി ക്ലസ്റ്ററാണ് കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിച്ച് അരിയാക്കി വിപണിയിലെത്തിക്കുന്നത്. 30 ഓളം തേനീച്ച കര്‍ഷകരാണ് പഞ്ചായത്തിലുള്ളത്. ജനകീയാസൂത്രണം പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് വേണ്ട തേനീച്ചപ്പെട്ടികള്‍ ലഭ്യമാക്കിയത്. ഇതില്‍ നിന്നുള്ള തേനാണ് മാങ്ങാട്ടിടം ഹണി എന്ന പേരില്‍ വിപണനം ചെയ്യുന്നത്.

കാര്‍ഷിക മേഖലയില്‍ രണ്ട് കോടിയിലധികം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തില്‍ ഈ വര്‍ഷം നടപ്പാക്കുന്നത്. 40 ലക്ഷം രൂപയാണ് പച്ചക്കറി, നെല്‍ക്കൃഷിക്കായി നീക്കിവെച്ചത്. ഇതു കൂടാതെ വകുപ്പ് തലത്തില്‍ 11 ലക്ഷം രൂപയും ഇതിനായി വിനിയോഗിച്ചു. പഞ്ചായത്തിലെ 9700  വീടുകളില്‍ പച്ചക്കറി തൈകളും വിത്തുകളും കൃഷിഭവന്‍ മുഖേന ലഭ്യമാക്കി.  വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികള്‍ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവയാണ് വിപണനം ചെയ്യുന്നത്.

കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികളാണ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്നത്. നെല്‍വിത്തുകള്‍ സൗജന്യമായാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. നിലവില്‍ പഞ്ചായത്തില്‍ 260 ഓളം കര്‍ഷകര്‍ വയലില്‍ നെല്‍കൃഷി ചെയ്യുന്നവരും 173 പേര്‍ കരനെല്‍ക്കൃഷി ചെയ്യുന്നവരുമാണ്. ഒന്നാം വിളയായി 33 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി ചെയ്യുന്നുണ്ട്. സുലഭ ക്ലസ്റ്റര്‍ വട്ടിപ്രം, ആയിത്തറ പച്ചക്കറി ക്ലസ്റ്റര്‍, അയ്യപ്പന്‍ തോട് പച്ചക്കറി ക്ലസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണിത്.

മാങ്ങാട്ടിടം മഞ്ഞള്‍ വിപണിയില്‍ ഇറക്കുന്നതിനായി 18 ഹെക്ടര്‍ സ്ഥലത്ത് മഞ്ഞള്‍ക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. സൗജന്യമായാണ് കര്‍ഷകര്‍ക്ക് വേണ്ട വിത്തുകള്‍ ലഭ്യമാക്കിയത്. തെങ്ങു കര്‍ഷകരെ സഹായിക്കുന്നതിനായി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കേരഗ്രാമം പദ്ധതിയും നടപ്പാക്കുന്നു. 50 ലക്ഷം രൂപയുടെ പദ്ധതിയാണിത്. ജില്ലയില്‍ പദ്ധതി അനുവദിക്കപ്പെട്ട രണ്ടു പഞ്ചായത്തില്‍ ഒന്നാണ് മാങ്ങാട്ടിടം. 1,2,11,12,13,19 വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും പദ്ധതിയില്‍ അംഗങ്ങളാണ്. പഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കി വരുന്ന മറ്റൊരു പദ്ധതിയാണ് ജൈവഗൃഹം സംയോജിത കൃഷി. മത്സ്യം, ക്ഷീര വികസനം, കൃഷി എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.