പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സാമ്പത്തിക വികേന്ദ്രീകരണത്തിന് പുറമേ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നതിലൂടെ പൂര്‍ണ ജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
പ്രദേശിക സാധ്യതകളേയും ഇവയുടെ ആവശ്യകതയും കണക്കിലെടുത്ത് പരിപാടികള്‍ ആസൂത്രണം ചെയ്ത് ആവിഷ്‌കരിക്കുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. കൃഷി, ഗ്രാമീണ മേഖല, പൊതുജനാരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലയില്‍ വലിയ നേട്ടമാണ് തദ്ദേശസ്ഥാപനങ്ങളിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മീന്‍വല്ലം വൈദ്യുത പദ്ധതി ജില്ലയിലെ നിര്‍ണ്ണായക നേട്ടമാണ്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാരായവരുടെ ആവശ്യങ്ങള്‍ വികേന്ദീകൃതാസൂത്രണത്തിലൂടെ നടപ്പാക്കിയിട്ടുണ്ട്. വിവിധ വിഭാഗക്കാരുടെ താത്പര്യങ്ങള്‍ ഒരുപോലെ മനസ്സിലാക്കി ചെയ്യുന്നതിന് വികേന്ദ്രകൃത ആസൂത്രണത്തിലൂടെ കഴിയുന്നുണ്ട്. ഇത്തരത്തില്‍ തുടര്‍ന്നും പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നതിന് ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍മാരായ കെ.വി വിജയദാസ്(മരണാനന്തരം), കെ.വി രാമകൃഷ്ണന്‍, സുബൈദ ഇസഹാക്ക്, ടി.എന്‍ കണ്ടമുത്തന്‍, അഡ്വ. കെ ശാന്തകുമാരി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.