എറണാകുളം: ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുമായി കോട്ടുവള്ളി പഞ്ചായത്തിലെ കർഷക ദിനാഘോഷം. പറവൂർ എംഎൽഎ അഡ്വ. വി.ഡി സതീശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വേദിയിൽ ഒരുക്കിയ ചെറുവഞ്ചിയിൽ പൊക്കാളി ഞാറും കാർഷിക വിളകളും കുരുത്തോലയിൽ തയാറാക്കിയ ഓണവിളക്കും പൂക്കളവും നിറപറയും ഓണത്തപ്പനുമെല്ലാം കർഷക ദിനത്തിൻ്റെ മാറ്റുകൂട്ടി. ഓണസമൃദ്ധി ഓണവിപണിയും ഇതോടൊപ്പം ആരംഭിച്ചു. കാട്ടിക്കുളം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഓണവിപണി ആഗസ്റ്റ് 20 വരെ ഉണ്ടാകും. വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകൾ, കീടനാശിനികൾ, പഴക്കൂട്ട് ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പിൻ്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, സുഭിക്ഷം സുരക്ഷിതം പദ്ധതി പ്രകാരമുള്ള ജൈവ പച്ചക്കറികൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, പഴം പച്ചക്കറികൾ എന്നിവ ഓണ വിപണിയിൽ ലഭ്യമാണ്.
കർഷക ദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി പഞ്ചായത്തിലെ മികച്ച പതിനഞ്ചോളം കർഷകരെയും മികച്ച കർഷക തൊഴിലാളിയേയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, കൃഷി ഓഫീസർ കെ.സി റെയ്ഹാന, പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ: കോട്ടുവള്ളി പഞ്ചായത്തിലെ കർഷക ദിനാഘോഷം പറവൂർ എംഎൽഎ അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു