കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ  ജില്ലാതല ഉദ്ഘാടനം  അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ സ്വയം ചിന്തിക്കുകയും, ഉറച്ച തീരുമാനമെടുക്കുകയും ചെയ്താല്‍  ലഹരിക്ക് അടിമപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയുടെ ഉപയോഗത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാനായി ശ്രമിക്കുന്നവര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും  യുവാക്കളും ജാഗ്രത പാലിക്കണം. സ്വന്തം കുടുംബത്തിനും, പിറന്ന നാടിനും, രാഷ്ട്രത്തിനും  നിങ്ങളെ ആവശ്യമുണ്ട്. അത് അറിഞ്ഞു കൊണ്ടായിരിക്കണം പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും, ആലുവ ജില്ലാ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ആലുവ ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ  പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ഒട്ടേറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് പഠിക്കുവാന്‍ അയക്കുന്നത്. മയക്ക്മരുന്നിന്റെ ഉപയോഗം പോലുള്ള തെറ്റായ ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കുവാന്‍ ഓരോ വിദ്യാര്‍ത്ഥിയും ശ്രദ്ധിക്കണമെന്ന്  അദ്ദേഹം പറഞ്ഞു. ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസ്സി ഏബ്രഹാം വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണവുമായി ബന്ധപ്പെട്ട്  ആലുവ ജില്ലാ ആശുപത്രി തയ്യാറാക്കിയ ബോധവല്‍ക്കരണ സ്റ്റിക്കറിന്റെ  പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജാന്‍സി ജോര്‍ജ് നിര്‍വഹിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍  മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ഡി.എം.ഒ  ഡോ. എസ്. ശ്രീദേവി ദിനാചരണ സന്ദേശം നല്‍കി. ദിനാചരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി കെ. ഉപഹാരം നല്‍കി.
ഡെപ്യൂട്ടി ഡി.എം. ഒ ഡോ. കെ.ആര്‍. വിദ്യ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ടിമ്മി ടീച്ചര്‍, ജെറോം മൈക്കിള്‍, വി. ചന്ദ്രന്‍, കൗണ്‍സിലര്‍ ലളിത ഗണേശ് , ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉഷ ജെ. തറയില്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍. സഗീര്‍ സുധീന്ദ്രന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.എന്‍. ശ്രീനിവാസന്‍,  എം.ഐ. സിറാജ് എന്നിവര്‍ സംസാരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ദന്‍ ഡോ. ടോണി തോമസ് ക്ലാസ് എടുത്തു.
തുടര്‍ന്ന് ആലുവ സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും, നജാത്ത് കോളേജ് ഓഫ് നഴ്‌സിങ്ങിലെയും വിദ്യാര്‍ത്ഥികള്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
2018 ലെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിന സന്ദേശം ‘ആദ്യം കേള്‍ക്കൂ, കുട്ടികളെയും യുവാക്കളെയും   അവര്‍ സുരക്ഷിതരായും ആരോഗ്യത്തോടെയും വളരുവാന്‍ സഹായിക്കുന്നതിനുള്ള ആദ്യപടിയും അതു  തന്നെ’ എന്നതാണ്.  ശാസ്ത്രീയമായ രീതിയില്‍ മയക്കുമരുന്നിന്റെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ്  2016 ല്‍ ‘ലിസന്‍ ഫസ്റ്റ്’  എന്ന ക്യാംപെയ്‌ന്  ഐക്യരാഷ്ട്ര സംഘടന തുടക്കം കുറിച്ചത്. കുട്ടികളെയും യുവാക്കളെയും കേള്‍ക്കുന്നതിന്റെ  ആവശ്യകതയെക്കുറിച്ച് സമൂഹത്തില്‍ പ്രത്യേകിച്ച് രക്ഷിതാക്കള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനും അതിലൂടെ മയക്കുമരുന്നിന്റെ ഉപയോഗം തിരിച്ചറിയുന്നതിനും, തടയുന്നതിനും ഈ വര്‍ഷത്തെ ദിനാചരണം ലക്ഷ്യമിടുന്നു.
ക്യാപ്ഷന്‍: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ  ജില്ലാതല ഉദ്ഘാടനം
അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു.