കാക്കനാട്:  സംസ്ഥാനത്ത് വ്യാവസായിക പരിശീലന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായിട്ടുള്ളതുമായ ഐ.ടി.ഐ.കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളമശ്ശേരി എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ അറിയിച്ചു.  സ്വകാര്യ ഐ.ടി.ഐകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു മുമ്പ് അക്കാര്യം ട്രെയിനിങ് ഡയറക്ടര്‍ അറിയിച്ച് അഫിലിയേഷന്‍ റദ്ദാക്കേണ്ടതും അതുവരെയുള്ള റെക്കോര്‍ഡുകള്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സമര്‍പ്പിക്കണം. ജില്ലയില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ മേലധികാരികള്‍ ജൂണ്‍ 30നകം കളമശ്ശേരി എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ രേഖകള്‍ ഹാജരാക്കണം.  അല്ലാത്ത പക്ഷം മറ്റൊരറിയിപ്പുണ്ടാകാതെ വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.  അങ്കമാലി കാര്‍മല്‍ ഐ.ടി.സി, പെരുമ്പിള്ളി മാറല്ലോ ഐ.ടി.സി, ഞാറയ്ക്കല്‍ ശ്രീനാരായണ ഐ.ടി.സി. എന്നിവയാണ് ജില്ലയില്‍ അനധികൃതമായി പൂട്ടിയത്.