അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു. കോട്ടയം ബസേലിയസ് കോളേജ് അങ്കണത്തില്‍ നിന്നും നാഗമ്പടം ബസ്റ്റാന്‍ഡിലേയ്ക്ക് നടത്തിയ റാലി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ കലാം പ്രിന്‍സിപ്പല്‍ ഡോ.ജാന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു. മിസ്റ്റര്‍ വേല്‍ഡായ ഇന്ത്യന്‍ നേവി ചീഫ് പെറ്റി ഓഫീസര്‍ മുരളികുമാര്‍ റാലി നയിച്ചു. വിവിധ കോളേജുകളിലേയും സ്‌കൂളുകളിലേയും ലഹരി വിരുദ്ധ ക്ലബ്ബംഗങ്ങള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ , സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ അണി ചേര്‍ന്നു. നാഗമ്പടം ബസ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ അസി.എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന്  സിഎംഎസ്, ബസേലിയസ്‌കോളേജുകളിലും കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടന്നു. അസി.എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.അശോക് കുമാര്‍, പി.വി.ബിജു എന്നിവര്‍ നേതൃത്വം നല്‍കി. താലൂക്ക്  തലങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍  സന്നദ്ധസംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു