കാക്കനാട്:  തൃക്കാക്കര മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് റോഡ് കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കും. കാക്കനാട് ഭാഗത്തെ ഓട്ടോ – ടാക്‌സി സ്റ്റാന്റുകള്‍ പുനഃക്രമീകരിക്കാനും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. റോഡിലേക്കിറങ്ങിയും റോഡിനോടു ചേര്‍ന്നുമുള്ള അനധികൃത കച്ചവടം അനുവദിക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
കാക്കനാട് ജങ്ഷനില്‍ കമ്മ്യൂണിറ്റി ഹാളിനു മുന്‍വശത്തുള്ള ഓട്ടോറിക്ഷ പാര്‍ക്കിങ് വില്ലേജ് ഓഫീസിനു മുമ്പിലെ റോഡിനോട് ചേര്‍ന്ന് ഒറ്റവരിയിലാക്കുന്നത് പരിഗണിക്കും. സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു മുന്നിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കും. പി.ഡബ്ല്യു.ഡി. റോഡും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡും പ്രയോജനപ്പെടുത്തി ഓലിമുഗള്‍ ജങ്ഷന്‍ മുതല്‍ കെ.എസ്.എഫ്.ഇയ്ക്കു മുന്‍വശം വരെ വണ്‍വേയാക്കുന്നതിന്റെ സാധ്യത പരിശോധിക്കും. കാക്കനാടു നിന്ന് എറണാകുളത്തിനു പോകേണ്ടവര്‍ ബസ് സ്റ്റാന്റില്‍നിന്ന് നേരിട്ട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലിറങ്ങി ഓലിമുഗള്‍ വഴി എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് റോഡ് തിരിഞ്ഞു പോകണം.
തൃപ്പൂണിത്തുറയില്‍നിന്നും കാക്കനാട് സിഗ്നല്‍ ജംങ്ഷന്‍ വഴി എറണാകുളത്തിനു പോകുന്ന വാഹനങ്ങള്‍ക്ക് കാക്കനാട് പ്രസ്സ് അക്കാദമിക്കു സമീപം ഫ്രീ ലെഫ്റ്റ് കിട്ടുന്ന വിധത്തില്‍ ജംങ്ഷനും അതോടുചേര്‍ന്ന മീഡിയനുകളും പുന:ക്രമീകരിക്കും.    ടി.വി. സെന്റര്‍ മുതല്‍ കലക്ടറേറ്റ് ജങ്ഷന്‍ വരെയുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇന്‍ഫോപാര്‍ക്ക് ഐ.ടി.റോഡും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡും സന്ധിക്കുന്ന ഭാഗത്ത് മീഡിയന്‍ സ്ഥാപിച്ച് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തും.  പടമുഗള്‍ ജങ്ഷനിലെ ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിന് പടമുഗള്‍ സ്‌കൂള്‍ മുതല്‍ കുന്നുപുറം ജങ്ഷന്‍ വരെ മീഡിയനുകള്‍ സ്ഥാപിച്ച് കുന്നുംപുറം ജങ്ഷനില്‍ റൗണ്ട് എബൗട്ട് സ്ഥാപിച്ച് പാലച്ചുവട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടതുവശം തിരിഞ്ഞ് പടമുഗള്‍ സ്‌കൂളിനു മുന്നില്‍നിന്ന് വലത്തോട്ടു തിരിഞ്ഞ് കാക്കനാട്ടേക്കും എറണാകുളം ഭാഗത്തേക്കു പോകുന്നവര്‍ കുന്നുംപുറം വഴിയും തിരിഞ്ഞുപോകുന്നതും പരിഗണനയിലുണ്ട്.
തൃക്കാക്കര പ്രദേശത്ത് കൃത്യമായ അടയാളപ്പെടുത്തലുകളില്ലാതെ അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള  എല്ലാ മീഡിയനുകളും പുന:ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.   എല്ലാ വാഹനങ്ങളും കലക്ടറേറ്റിനു ചുറ്റും തിരിഞ്ഞ് കടന്നുപോകുന്നവിധം പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍ വേ സംവിധാനം നടപ്പാക്കാനും ആലോചനയുണ്ട്.  അതിനെപ്പറ്റി പഠനം നടത്താന്‍ നിര്‍ദ്ദേശിച്ചു.    ആര്‍.ടി.ഒ. റെജി പി.വര്‍ഗ്ഗീസ്, ഇടപ്പള്ളി ട്രാഫിക് സി.ഐ. പി.എച്ച്. ഇബ്രാഹിം, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഡി അരുണ്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഡി.ജി.എം. എ.എ അബ്ദുള്‍ സലാം, ഇ.ഡി.ആര്‍.എ.സി. പ്രസിഡന്റ് എം.എസ്.അനില്‍കുമാര്‍,  അങ്കമാലി ജോയന്റ് ആര്‍.ടി.ഒ. ജി അനന്ദകൃഷ്ണന്‍, കെ.എം. അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.