ആലപ്പുഴ: ജില്ലയിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് കോവിഡ് വാക്‌സിനേഷൻ നൽകി ജില്ലാ പഞ്ചായത്ത്. കായംകുളം നഗരസഭ പരിധിയിലെ 19 പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കിയത്. സന്നദ്ധ പ്രവർത്തകയായ കായംകുളം നിവാസിയായ അഞ്ജുവെന്ന പെൺകുട്ടിയാണ് കായംകുളത്ത് തെരുവോരങ്ങളിൽ കഴിയുന്നവർക്ക് വാക്‌സിൻ ലഭ്യമാക്കാനുള്ള ആവശ്യം ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടർ, ജില്ല മെഡിക്കൽ ഓഫീസർ എന്നിവരുടെ ശ്രദ്ധയിൽ പ്പെടുത്തിയത്. ഇതറിഞ്ഞയുടൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ജില്ലയിലെ അശരണരായവരുടെ വാക്‌സിനേഷൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. വാക്‌സിൻ ബുക്ക് ചെയ്യാനാവശ്യമായ തിരിച്ചറിയൽ രേഖയോ അതിനുള്ള പ്രാപ്തിയോ ഇല്ലാതിരുന്ന ഇവർക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച്ച മുൻപ് ആർ.റ്റി.പി.സി.ആർ. പരിശോധന നടത്തിയിരുന്നു. 21 പേരെയാണ് കണ്ടെത്തിയതെങ്കിലും രണ്ട് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 19 പേർക്കാണ് കോവാക്സിന്റെ ആദ്യ ഡോസ് നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിൽ നിന്നെത്തിയ സംഘമാണ് വാക്‌സിനേഷൻ നൽകിയത്.

അടുത്ത ഘട്ടത്തിൽ ജില്ലയിലെ എല്ലാ നഗരങ്ങളിലെയും തെരുവിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്തി വാക്‌സിൻ ലഭ്യമാക്കാനാണ് ജില്ല പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിനായി അതത് നഗരസഭകളോട് പട്ടിക തയാറാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളിൽ ഇത്തരത്തിൽ അശരണർക്ക് വാക്‌സിൻ നൽകേണ്ടതുണ്ടെങ്കിൽ ബ്ലോക്കടിസ്ഥാനത്തിൽ കേന്ദ്രം ക്രമീകരിച്ചു വാക്‌സിനേഷൻ നടത്താനും ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.

കായംകുളം നഗരസഭയിലെ വാക്‌സിനേഷൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു. കായംകുളം നഗരസഭാധ്യക്ഷ പി. ശശികല അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ ജെ. ആദർശ്, സന്നദ്ധ പ്രവർത്തക അഞ്ജു എന്നിവർ പങ്കെടുത്തു.