ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങളുടെ പ്രതീകമായി 25 ദീപങ്ങൾ തെളിച്ചു. അഡ്വ. യു. പ്രതിഭ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിപിൻ സി. ബാബു, ജില്ലാ പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്നാണ് ദീപം തെളിച്ചത്. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന മുൻ ഭരണസമിതി അംഗങ്ങളെ ആദരിക്കൽ അഡ്വ. യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമാരെയും മുൻ ജനപ്രതിനിധികളെയും ഓൺലൈൻ വഴി സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ. യു. പ്രതിഭയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു അധ്യക്ഷത വഹിച്ചു. രജതജൂബിലി ആഘോഷത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ചേർന്ന് അനാഛാദനം ചെയ്തു. ഒരു പഞ്ചായത്തിന്റെ പേരിൽ ഒരു ഉൽപന്നം എന്ന നിലയിൽ പ്രാദേശിക ഉത്പന്നങ്ങൾ ബ്രാൻഡിംഗ് നടത്തുന്നതിനുള്ള മാർഗരേഖ ജില്ല കളക്ടർക്ക് നൽകി അഡ്വ. യു. പ്രതിഭ എം.എൽ.എ. പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ 25 മീറ്റർ കാൻവാസിൽ 25 വിദ്യാർഥികൾ പങ്കെടുത്ത് ചിത്രരചന മത്സരം നടത്തി. ജില്ല കളക്ടർ ഉദ്ഘാടനം ചെയ്തു. പോപ്പ് പയസ് 11 ഹയർസെക്കൻഡറി സ്‌കൂളിലെ സി.വി. അമൃത ഒന്നാംസ്ഥാനം നേടി. മംഗലം ജി.എച്ച്.എസ്.എസിലെ നന്ദഗോപൻ രണ്ടാം സ്ഥാനവും വട്ടയാൽ സെന്റ്‌മേരീസ് ഹൈസ്‌കൂളിലെ ടോണി ജസ്റ്റിൻ മൂന്നാം സ്ഥാനവും നേടി. ഉദ്യോഗസ്ഥർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ റവന്യൂ ജീവനക്കാരൻ കെ.ജി. വിനോദ് ഒന്നാംസ്ഥാനം നേടി. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജീവനക്കാരൻ എം.എം. അഭിലാഷ് രണ്ടാമതും തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരൻ കണ്ണൻ സി. ഹരിദാസ് മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് എം.എൽ.എ. പുരസ്‌കാരം നൽകി. ആഘോഷപരിപാടികളിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ എ. ശോഭ, വത്സല ടീച്ചർ, എം.വി. പ്രിയ ടീച്ചർ, അഡ്വ. ടി.എസ്. താഹ, ജോൺ തോമസ്, അഡ്വ. പി.എസ്. ഷാജി, എൻ.എസ്. ശിവപ്രസാദ്, ബിനിത പ്രമോദ്, വി. ഉത്തമൻ, ആർ. റിയാസ്, ബിനു ഐസക് രാജു, ജി. ആതിര, ഹേമലത ടീച്ചർ, മഞ്ജുളാദേവി, അഡ്വ. കെ. തുഷാര, നികേഷ് തമ്പി, കെ.ജി. സന്തോഷ്, പി. അഞ്ജു, ഗീതാ ബാബു, സജിമോൾ ഫ്രാൻസിസ്, ജില്ല പ്ലാനിങ് ഓഫീസർ എസ്. സത്യപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ് എന്നിവർ സംസാരിച്ചു.