സപ്ലൈകോയുടെ ആഭിമുഖ്യത്തില് ജില്ലയിലെ താലൂക്കുകളിലും നിയോജക മണ്ഡലങ്ങളിലും ഓണം മേളയ്ക്ക് തുടക്കമായി. താലൂക്ക് തലത്തില് ആലത്തൂര്, പട്ടാമ്പി, മണ്ണാര്ക്കാട്, ചിറ്റൂര് എന്നിവിടങ്ങളിലെ സൂപ്പര് മാര്ക്കറ്റുകളിലും ഒറ്റപ്പാലം പീപ്പിള്സ് ബസാറിലുമാണ് ഓണം മേള പ്രവര്ത്തിക്കുന്നത്.
നിയോജക മണ്ഡലങ്ങളില് തൃത്താല കൂറ്റനാട് സൂപ്പര് മാര്ക്കറ്റ്, ഷൊര്ണ്ണൂര് കുളപ്പുള്ളി സൂപ്പര് മാര്ക്കറ്റ്, കോങ്ങാട് മാവേലി സ്റ്റോര്, നെന്മാറ മാവേലി സ്റ്റോര്, മലമ്പുഴ എലപ്പുള്ളി സൂപ്പര് മാര്ക്കറ്റ്, തരൂര് കോട്ടായി സൂപ്പര് മാര്ക്കറ്റ് എന്നിവിടങ്ങളില് ഓണത്തോടനുബന്ധിച്ച് ഓണം മാര്ക്കറ്റുകളും പ്രവര്ത്തിക്കുന്നുണ്ട്. ചിറ്റൂരില് താലൂക്ക്, നിയോജക മണ്ഡല ഫെയറുകള് ഒരുമിച്ചാണ് നടക്കുന്നത്.
രാവിലെ 10 മുതല് വൈകിട്ട് ആറ് വരെ കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് പൊതുജനങ്ങള്ക്ക് മേളയില് നിന്നും സാധനങ്ങള് വാങ്ങാം. ചെറുപയര്, വന്പയര്, പച്ചരി, ജയ അരി, കുറുവ അരി, മട്ടയരി, വെള്ള ഉഴുന്ന്, പച്ചക്കടല, തൂവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ശബരി വെളിച്ചെണ്ണ എന്നീ 13 ഇനങ്ങള് സര്ക്കാര് നിശ്ചയിച്ച സബ്സിഡി നിരക്കില് മേളയില് ലഭിക്കും. പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്സ് ബസാറില് ജില്ലാതല ഓണം മേളയും നടക്കുന്നുണ്ട്. റേഷന് കാര്ഡുമായെത്തിയാല് മേളയില് നിന്ന് ഉത്പന്നങ്ങള് വാങ്ങാവുന്നതാണെന്ന് സപ്ലൈകോ പാലക്കാട് റീജ്യനല് മാനേജര് അറിയിച്ചു. ഓണം മേള 20ന് അവസാനിക്കും.